യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്നംഗ സംഘം പിടിയിൽ
text_fieldsകോട്ടക്കൽ: പണമിടപാട് സംബന്ധമായ തർക്കത്തിനൊടുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നംഗ സംഘം കോട്ടക്കൽ പൊലീസ് പിടിയിൽ. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലൽ റിയാസ് (48), പൂത്തലൽ അബ്ദുൽ സലീം (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
എടരിക്കോട് അരീക്കലിലെ ഉരുണ്ടടിമൽ അനീസിനെയാണ് (33) ഫ്ലാറ്റിൽനിന്ന് മർദിച്ച് അവശനാക്കി രാവിലെ 7.30ന് തട്ടിക്കൊണ്ടുപോയത്. അനീസിെൻറ ഭാര്യയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ, കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടിയിൽനിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളുടെ രഹസ്യ ഗോഡൗണിൽനിന്ന് അനീഷിനെ കണ്ടെത്തുകയായിരുന്നു.
സാഹസികമായി പ്രതികളെ പിടികൂടിയ പൊലീസ് യുവാവിന് വൈദ്യസഹായം ലഭ്യമാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അനീസും പ്രതികളും തമ്മിൽ വാട്ടർ പ്ലാൻറ് പദ്ധതിയുമായി ബന്ധപ്പെട്ട് പണമിടമാട് നടത്തിയിരുന്നു. പദ്ധതി യാഥാർഥ്യമാകാത്തതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. കോട്ടക്കൽ സി.ഐ സുജിത്ത്, കൊണ്ടോട്ടി സി.ഐ ചന്ദ്രമോഹൻ, എസ്.ഐമാരായ റെമിൻ, കെ. അജിത്, പൊലീസുകാരായ സജി അലക്സാണ്ടർ, സുജിത്ത്, ശരൺ, ശ്രീകാന്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.