ഇന്ന് ലോക പരിസ്ഥിതി ദിനം; ഔഷധസസ്യ ഗവേഷണത്തിൽ ‘സുൽത്താനായി’ ഡോ. സുലൈമാൻ
text_fieldsഡോ. സുലൈമാൻ അശോകമരത്തിനു സമീപം
കോട്ടക്കൽ: ആയുർവേദത്തിൽ പ്രതിപാദിച്ച നിരവധി ഔഷധസസ്യങ്ങളുടെ ഗവേഷണങ്ങൾ നടത്തി ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് മലയാളി ആയുർവേദ ശാസ്ത്രജ്ഞൻ. കോട്ടക്കൽ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ ഫൈറ്റോ കെമിസ്ട്രി വിഭാഗം തലവൻ ഡോ. സി.ടി. സുലൈമാനാണ് അപൂർവ നേട്ടത്തിനുടമ.
പരിസ്ഥിതിദിനത്തിൽ ഔഷധസസ്യഗണങ്ങളുടെ പ്രാധാന്യത്തെയും മൂല്യങ്ങളെക്കുറിച്ചും രാജ്യത്തും പുറത്തുമായി ഇതിനകം നിരവധി ക്ലാസുകളും ശിൽപശാലകളും നയിച്ചിട്ടുണ്ട് ഡോക്ടർ. ആയുർവേദ മേഖലയിൽ ദൗർലഭ്യം നേരിടുന്ന ദശമൂല ഇനത്തിൽപ്പെട്ട മരങ്ങളുടെ വേരുകൾ എടുത്താൽ നശിക്കുമെന്നതിനാൽ സുസ്ഥിര ഉപയോഗത്തിനായി തൊലി, ശാഖകൾ എന്നിവ ഉപയോഗിക്കാമെന്ന് പഠനങ്ങൾ നടത്തി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രീയമായ രീതികള്‍ ആവിഷ്കരിച്ചും ശ്രദ്ധനേടിയിരുന്നു. ഇത്തരത്തിലുള്ള പഠനങ്ങൾക്ക് കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. അശോക മരത്തിന്റെ ദൗർലഭ്യം പരിഹരിക്കാൻ ദേശീയ ഔഷധസസ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ദേശീയ-അന്തർദേശീയ ഗവേഷണസ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ പദ്ധതികൾ നടത്തിക്കൊണ്ടുപോകുന്നതോടൊപ്പം നിലവിൽ ജൊഹാനസ്ബർഗ് സർവകലാശാലയിലെ വിസിറ്റിങ് ശാസ്ത്രജ്ഞനുമാണ്.
ഔഷധസസ്യ ഗവേഷണവുമായി ബന്ധപ്പെട്ട് നൂറോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018ലെ സംസ്ഥാന സർക്കാറിന്റെ സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്‌കാരം, 2020ലും 2025ലും ഡോ. പി.ഡി. സേഥി മെമ്മോറിയൽ ദേശീയ അവാർഡ്, 2024 യുവ ശാസ്ത്രജ്ഞനുള്ള ദേശീയ പുരസ്‌കാരം, 2023ൽ ബാങ്കോക്കിലെ ഔഷധസസ്യ ഗവേഷകരുടെ ആഗോള ഉച്ചകോടിയിൽ വെച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ തേടിയെത്തി. അമേരിക്കൻ സൊസൈറ്റി ഓഫ് ഫർമകോഗ്‌നോസി, സൊസൈറ്റി ഫോർ മെഡിസിനൽ പ്ലാന്റ് ആൻഡ് നാച്വറൽ പ്രോഡക്ട് റിസർച്, ജർമനി, സൊസൈറ്റി ഫോർ പ്ലാന്റ് റിസർച് ഇന്ത്യ തുടങ്ങിയ നിരവധി ഫോറങ്ങളിൽ ക്ഷണിതാവുകൂടിയാണ് കോട്ടക്കൽ പറപ്പൂർ സ്വദേശിയായ ഡോ. സുലൈമാൻ. ഭാര്യ: ആഷിദ. മക്കൾ: ആഹിൽ, ആസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

