മെഡിക്കൽ ഷോപ് കേന്ദ്രീകരിച്ച് മോഷണം; ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ അറസ്റ്റിൽ
text_fieldsകോട്ടക്കൽ: മരുന്നുകടകൾ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന മോഷ്ടാവ് കോട്ടക്കലിൽ അറസ്റ്റിൽ. കൊല്ലം കോട്ടോത്തല കരിക്കത്ത് പുത്തൻവീട്ടിൽ അഭിലാഷ് എന്ന രാജേഷിനെയാണ് (40) ഇൻസ്പെക്ടർ അശ്വിത് കാരന്മയിൽ അറസ്റ്റ് ചെയ്തത്. ചങ്കുവെട്ടി മില്ലുംപടിക്ക് സമീപമുള്ള മരുന്നുകടയുടെ ഷട്ടർ അറുത്തുമാറ്റി കടയിൽ സൂക്ഷിച്ചിരുന്ന 6,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആറിനായിരുന്നു മോഷണം. സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ മോഷണത്തിന് മുമ്പുള്ള പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഇതാണ് വഴിതിരിവായത്. വസ്ത്രം മാറ്റിയായിരുന്നു മോഷണം നടത്തിയത്. ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പത്തുവർഷമായി വിവിധയിടങ്ങളിൽ മോഷണം നടത്തി ലോഡ്ജിൽ താമസിക്കുകയാണ് ഇയാളുടെ രീതി.
കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള സ്റ്റേഷനുകളിൽ നൂറോളം കേസിൽ പ്രതിയാണ്. സമാനമായ മറ്റൊരു കേസിൽ വിയ്യൂർ ജയിലിൽനിന്ന് കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഒതുക്കുങ്ങലിലെ ലാബിലും മോഷണം നടത്താൻ ശ്രമിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ കെ.എസ്. പ്രിയൻ, എസ്.ഐ ശിവദാസൻ, എ.എസ്.ഐ രാമദാസ്, പൊലീസുകാരായ അനൂപ്, വിജേഷ്, ജിതേഷ്, മുജീബ്, അജീഷ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ രജീഷ് എന്നിവരങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.

