അടിപൊളിയാകാൻ ഒരുങ്ങി, കോട്ടക്കൽ മാർക്കറ്റ് 15.24 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി
text_fieldsകോട്ടക്കൽ മാർക്കറ്റ്
കോട്ടക്കൽ: നഗരത്തിന്റെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന് പിന്നാലെ കോട്ടക്കൽ മാർക്കറ്റും വികസന കുതിപ്പിലേക്ക്. 15 കോടി രൂപ ചെലവിൽ പുതിയ മാർക്കറ്റിന് സർക്കാറിന്റെ ഭരണാനുമതി ലഭിച്ചതോടെ പ്രതീക്ഷയിലാണ് നഗരസഭ ഭരണസമിതി. മാർക്കറ്റ് നവീകരണത്തിന് ഫണ്ട് അനുവദിക്കപ്പെട്ട സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലൊന്നാണ് കോട്ടക്കൽ. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളുടെ ആധുനികവത്കരണത്തിന് കിഫ്ബി ഫണ്ടില്‍നിന്നും 100 കോടി രൂപയാണ് അനുവദിച്ചത്. ഇതുപ്രകാരം അഞ്ച് പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ് കൂടാതെ, കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ്, വടക്കാഞ്ചേരിയില്‍ അത്താണി, ഓട്ടുപാറ മാര്‍ക്കറ്റുകള്‍, നെടുമങ്ങാട്, ഇരിഞ്ചയം മുനിസിപ്പല്‍ മാര്‍ക്കറ്റ്, ആലുവ തോട്ടക്കാട്ടുകരയില്‍ മിനി മാര്‍ക്കറ്റ് എന്നിവക്കാണ് ഭരണാനുമതി നല്‍കിയത്.
കെ.കെ. നാസർ ചെയർമാനായിരുന്ന മുൻ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിലാണ് കോട്ടക്കൽ മാർക്കറ്റ് നവീകരണത്തിന് രൂപരേഖ തയാറാക്കിയത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലും പദ്ധതിക്ക് തുണയായി. ഫണ്ട് അനുവദിക്കുന്നതിന് നിലവിലെ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീറും വകുപ്പ് മന്ത്രി എം.വി. ഗോവിന്ദനെ ബന്ധപ്പെട്ടിരുന്നു.
നേരത്തേ തയാറാക്കിയ വിശദമായ പദ്ധതി രേഖ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിക്കുന്നതിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ 'ഇംപാക്റ്റ് കേരള' വഴിയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് സമർപ്പിച്ചിരുന്നത്. ഇതു പ്രകാരമാണ് 15.24 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി ഉത്തരവായത്. ആധുനിക രീതിയിലുള്ള മാർക്കറ്റ് സമുച്ചയം യാഥാർഥ്യമാകുന്നതോടെ കോട്ടക്കൽ നഗരം കൂടുതൽ വികസന കുതിപ്പിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

