ആറുവരിപ്പാത: പരാതികൾക്ക് പരിഹാരം കാണണമെന്ന് എം.എൽ.എ
text_fieldsആറുവരിപ്പാത നിർമാണത്തിലെ അശാസ്ത്രീയതക്ക് പരിഹാരം
കാണണമെന്നാവശ്യപ്പെട്ട് കെ.പി.എ. മജീദ് എം.എൽ.എ കലക്ടർ വി.ആർ. പ്രേംകുമാറുമായി സംസാരിക്കുന്നു
കോട്ടക്കൽ: ആറുവരിപ്പാത നിർമാണത്തിലെ അശാസ്ത്രീയതക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.പി.എ. മജീദ് എം.എൽ.എ കലക്ടർ വി.ആർ. പ്രേംകുമാറുമായി ചർച്ച നടത്തി.
എടരിക്കോട് പഞ്ചായത്തിലൂടെ അഞ്ചു കിലോമീറ്ററോളമാണ് ബൈപാസ് കടന്നുപോകുന്നത്. പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ മമ്മാലിപ്പടി, അമ്പലവട്ടം ഭാഗങ്ങളെ കീറിമുറിച്ച് പോകുന്നത് നെൽകർഷകർക്ക് ദുരിതമാണ്.
മഴ വന്നാൽ വെള്ളം പാടത്തിന്റെ തെക്ക് കെട്ടിനിൽക്കുന്ന സ്ഥിതി. ഇതിന് പരിഹാരമായി ഭൂനിരപ്പിന് അനുസൃതമായി ഒരു ഓവ് പാലംകൂടി വേണമെന്നാണ് ആവശ്യം. കൂടാതെ, ചെറുശോല മുതൽ പാടത്തിലൂടെ വരുന്ന വെള്ളം ഒഴുകി പോയിരുന്ന ചാമ്പ്രത്തോട് മണ്ണിട്ട് നികത്തി സർവിസ് റോഡ് ആക്കി മാറ്റിയിരിക്കുകയാണ്. മേൽതോട് അടിയന്തരമായി പുനർനിർമിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇല്ലെങ്കിൽ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുകയും വെറ്റില, വാഴ തുടങ്ങിയ കൃഷികൾ നശിക്കുന്ന സ്ഥിതിയാണ്. എം.എൽ.എക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മലും ഉണ്ടായിരുന്നു.