പുത്തൂരിൽ വരും വലിയ മാറ്റങ്ങൾ
text_fieldsഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ
പുത്തൂരിൽ സന്ദർശനം നടത്തുന്നു
കോട്ടക്കൽ: അപകടമേഖലയായ പെരിന്തൽമണ്ണ കോട്ടക്കൽ പാതയിലെ പുത്തൂർ ജങ്ഷനിൽ അപകടങ്ങൾ കുറക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കാൻ ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ തീരുമാനം. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
പാതയിലെ അരിച്ചോൾ മുതൽ പുത്തൂർ ജങ്ഷൻ വരെ വിവിധ ഭാഷകളിലുള്ള അപായസൂചന ബോർഡുകൾ, ഹമ്പുകൾ, ബ്ലിങ്കിങ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. ഇതിന് 2.68 ലക്ഷം രൂപയുടെ പദ്ധതി ഫണ്ട് ലഭിച്ചതായും ഡിസംബർ മുപ്പതിനകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും റോഡ് എൻജിനീയറിങ് വിഭാഗം അസി. എൻജിനീയർ വിമൽരാജ് യോഗത്തിൽ അറിയിച്ചു.
റോഡിന്റെ ഘടന ഡ്രൈവർമാർക്ക് അറിയാത്തതാണ് കൂടുതലും അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റെ് എം.വി.ഐ മുഹമ്മദ് ഷഫീഖ് പറഞ്ഞു. ഈ സാഹചര്യത്തിൽ സ്ഥലപരിശോധന നടപടികൾ പൂർത്തിയാക്കി പദ്ധതികൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് ഉടൻ കൈമാറും. പുത്തൂർ പാലം, മലപ്പുറം പാതയിൽ നിന്നു ആരംഭിക്കുന്ന ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലും അരിച്ചോൾ ഭാഗത്തുമാണ് ബ്ലിങ്ക് ലൈറ്റുകൾ സ്ഥാപിക്കുക.
പുത്തൂർ ജങ്ഷനിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ഇവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഭാഷയിലുള്ള ബോർഡുകളാണ് സ്ഥാപിക്കുക. പുത്തൂർ ബൈപ്പാസ് റോഡ് ജങ്ഷനിലെ കൈയേറ്റങ്ങൾ പൂർണമായും ഒഴിവാക്കും.
റൗണ്ട് എബൗട്ടിന് സമീപമുള്ള കച്ചവടമാണ് ഒഴിവാക്കുക. ഇത്തരം കച്ചവടങ്ങൾ ടയറുള്ള വണ്ടികളിലേക്ക് മാറ്റാൻ നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു. പൊലീസ് സഹായത്തോടെ ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ചാണ് കൈയേറ്റം ഒഴിപ്പിക്കുക. കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപമാണ് ഇത്തരം കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നത്.
യോഗ തീരുമാനങ്ങളെ തുടർന്ന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ അപകടമേഖലകൾ സന്ദർശിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മാട്ട് കുഞ്ഞീതു, ജനപ്രതിനിധികളായ ഫൈസൽ കങ്കാളത്ത്, ഹുസൈൻ നെല്ലിയാളിൽ, എം.സി. കുഞ്ഞിപ്പ, എ.കെ. ഖമറുദ്ദീൻ, മഞ്ഞക്കണ്ടൻ അഷ്റഫ്, തിരൂരങ്ങാടി ഡപ്യൂട്ടി തഹസിൽദാർ സുനിൽ ശങ്കർ, എസ്.ഐ എസ്.കെ. പ്രിയൻ, എസ്.ഐ അയുബ് ജി. ഡെന്നിസണ്, എ.എം.വി.ഐ പി. ബോണി, വില്ലേജ് ഓഫിസർ പി. പ്രസാദ്, നാട്ടുകാരായ അബ്ദുൽകരീം, അടാട്ടിൽ മൊയ്തു, അസീസ് പടിക്കൽ, അഷ്റഫ്, എം.കെ. നാസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.