ഒതുക്കുങ്ങലിൽ ഒതുങ്ങാതെ കോൺഗ്രസ്; ജില്ല നേതൃത്വം ചർച്ച അലസിപ്പിരിഞ്ഞു
text_fieldsകോട്ടക്കൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒതുക്കുങ്ങലിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് പ്രതിഷേധവുമായി മുന്നോട്ട്. മുസ്ലിം ലീഗുമായി ഒരുതരത്തിലും മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റി. മണ്ഡലം കോൺഗ്രസ് നേതാക്കളെ ഡി.സി.സി ഓഫിസിൽ വിളിച്ചു നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. മുൻനിലപാടിൽ നേതാക്കൾ ഉറച്ചുനിന്നതാണ് തിരിച്ചടിയായത്.
കോൺഗ്രസ് സ്ഥാനാർഥികളുടെ കൂട്ടത്തോൽവിക്ക് പിന്നിൽ ലീഗ് നേതാക്കളാണെന്ന നിലപാടിലാണ് ഇവർ. വിഷയം രൂക്ഷമായതോടെ ജില്ല യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ഉപകമ്മിറ്റിയെ നിയോഗിച്ചിരുന്നു. കെ.പി.സി.സിജനറൽ സെക്രട്ടറി വി. ബാബുരാജ്, ഡി.സി.സി സെക്രട്ടറി സമദ് മങ്കട, ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ജില്ല സെക്രട്ടറി അൻവർമുള്ളമ്പാറ എന്നിവാണ് ഉപസമിതിയംഗങ്ങൾ. ഇതിൽ ഉപകമ്മിറ്റിയിലെ കോൺഗ്രസ് നേതാക്കളുമായിട്ടായിരുന്നു ചൊവ്വാഴ്ച ഡി.സി.സി ഓഫിസിൽ നടന്ന ചർച്ച.
ലീഗുമായി അനുരഞ്ജനം സാധ്യമല്ലെന്നാണ് നേതാക്കൾ നിലപാട് അറിയിച്ചത്. പരാജയപ്പെട്ട വാർഡ് കമ്മറ്റി നേതാക്കളോട് രേഖാമൂലം പരാതി എഴുതി നൽകാനാണ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മണ്ഡലം പ്രസിഡൻറ് വി.യു. ഖാദർ, കരിമ്പിൽ ഇബ്രാഹിം, ഹാരിസ് മാനു, പ്രമോദ് നായർ, വാർഡ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഒറ്റക്കെട്ടായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോൾ 23 സീറ്റുള്ള ഇവിടെ ലീഗ്(15), എൽ.ഡി.എഫ് ഏഴും എസ്.ഡി.പി.ഐ ഒന്നും സീറ്റുകൾ നേടി.നിലവിലെ അംഗവും കോൺഗ്രസ് നേതാവുമായ കുഞ്ഞീതു അടക്കമുള്ള നേതാക്കൾ പരാജയപ്പെട്ടു. ആറ് വാർഡുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. നാല് ഉറച്ച സീറ്റുകൾ കോൺഗ്രസിന് നഷ്ട്ടപ്പെട്ടതിന് പിന്നിൽ ലീഗാണെന്നാണ് പരാതി.
ഒറ്റ സീറ്റു പോലും ലഭിക്കാതെ ആയതോടെ വൈസ് പ്രസിഡൻറ് സ്ഥാനമടക്കം കോൺഗ്രസിന് നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

