ഇനി പി.എം. വാര്യരുടെ സാരഥ്യം
text_fieldsഡോ. പി.കെ. വാര്യർക്കൊപ്പം ഡോ. പി.എം. വാര്യർ (ഫയൽ ചിത്രം)
കോട്ടക്കൽ: ആയുർവേദ സുഗന്ധം ലോകമെമ്പാടും പരത്തിയ മഹാവൈദ്യൻ ഡോ. പി.കെ. വാര്യരുടെ പിൻഗാമിയായി ഇനി കോട്ടക്കൽ ആര്യവൈദ്യശാലയെ നയിക്കുക സഹോദരിപുത്രൻ ഡോ. പി.എം. വാര്യർ (പി. മാധവക്കുട്ടി വാര്യർ). പി.കെ. വാര്യർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചതിെൻറ അനുഭവസമ്പത്തുമായാണ് ആര്യവൈദ്യശാലയുടെ അമരത്വം വഹിക്കാൻ പി.എം. വാര്യർ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ബി.എ.എമ്മും ആയുർവേദ കായചികിത്സയിൽ എം.ഡിയും നേടിയ ഇദ്ദേഹം 1969ലാണ് അസി. ഫിസിഷ്യനായി ആര്യവൈദ്യശാലയിൽ ചേർന്നത്. 81വരെ ഇൗ പദവിയിൽ തുടർന്നു. 85 വരെ അസി. ഫാക്ടറി മാനേജറും 93 വരെ ഫാക്ടറി മാനേജറുമായിരുന്നു. 93 മുതൽ 95 വരെ ചെന്നൈ ശാഖയിൽ ഫിസിഷ്യൻ ആൻഡ് മാനേജറായി പ്രവർത്തിച്ചു. പിന്നീട് അഡീ. ചീഫ് ഫിസിഷ്യനും ആയുർവേദ ആശുപത്രിയുടെയും റിസർച് സെൻററിെൻറയും സൂപ്രണ്ടുമായി. 2007ലാണ് ട്രസ്റ്റി ബോർഡ് അംഗമായത്. 2019ൽ ചീഫ് ഫിസിഷ്യനായി ചുമതലയേറ്റു.
ആയുർവേദ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ, കേരള ആയുർവേദ മണ്ഡലം പ്രസിഡൻറ്, ആയുർവേദിക് ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ രക്ഷാധികാരി, കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച് സൊൈസറ്റി ഗവേണിങ് ബോഡി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. സംസ്ഥാന ആയുർവേദ ഉപദേശക സമിതി, ആയുഷിന് കീഴിലുള്ള ആയുർവേദ സിദ്ധ യൂനാനി ഡ്രഗ് സാേങ്കതിക ഉപദേശക ബോർഡ്, സയൻറിഫിക് അഡ്വവൈസറി ഗ്രൂപ് എന്നിവയിൽ അംഗമാണ്. ജർമനി, റഷ്യ, അമേരിക്ക, ഒമാൻ, യു.എ.ഇ, ശ്രീലങ്ക, നേപ്പാൾ, യു.കെ, ആസ്ട്രേലിയ, ഒാസ്ട്രിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.