ദേശീയപാത നഷ്ടപരിഹാരം: വിതരണം ചെയ്യാനുള്ളത് 1200 കോടി, ഇതുവരെ നൽകിയത് 2267 കോടി രൂപ
text_fieldsരണ്ടത്താണി പൂവൻചിനയിൽ ദേശീയപാത നിർമാണ
പ്രവൃത്തികൾക്കായി ആരംഭിച്ച കേന്ദ്രം
കോട്ടക്കൽ: ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കലും നഷ്ടപരിഹാര വിതരണവും അവസാന ഘട്ടത്തിൽ. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിൽനിന്നായി 165 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി 3496 കോടി രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. അതോറിറ്റിയുടെ അക്കൗണ്ടിലെത്തിയ ഫണ്ടിൽനിന്ന് 2267 കോടി വിതരണം ചെയ്തു. 1200 കോടിയാണ് ഇനി വിതരണം ചെയ്യാനുള്ളത്. ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനാലാണ് ബാക്കി വിതരണം പൂർത്തിയാകാത്തത്. അടുത്തയാഴ്ച മുതൽ തുടർനടപടികൾ പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. തുടർപ്രവൃത്തികളുടെ ഭാഗമായി 24 വില്ലേജുകളിൽ കൺട്രോൾ റൂമുകൾ തുറന്നു.
ഭൂവുടമകളെ നേരിട്ട് വിളിച്ച് രേഖകൾ പരിശോധിക്കും. ഡെപ്യൂട്ടി കലക്ടർമാർ, ആർ.ഡി.ഒ, വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വില്ലേജ് അടിസ്ഥാനത്തിലാണ് നടപടികൾ. പട്ടയമടക്കമുള്ള രേഖകൾ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാകുന്നതോടെ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ പറഞ്ഞു. പട്ടയമില്ലാത്തവർക്ക് അത് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. തിരൂർ (77 ശതമാനം), തിരൂരങ്ങാടി (61), കൊണ്ടോട്ടി (58), പൊന്നാനി (43 ശതമാനം) എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ നഷ്ടപരിഹാരം വിതരണം ചെയ്തത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ വീട്, കെട്ടിടങ്ങൾ തുടങ്ങിയവ പൊളിച്ചുനീക്കി.
ഒഴിഞ്ഞുകൊടുക്കാത്തവ കലക്ടറുടെ നേതൃത്വത്തിൽ പിടിച്ചെടുക്കും. കാപ്പിരിക്കാട് മുതൽ ഇടിമൂഴിക്കൽ വരെ ജില്ലയിൽ 76 കിലോമീറ്റർ ദൂരത്തിലാണ് നിർദിഷ്ട നാലുവരിപ്പാത പോകുന്നത്. ഹൈദരാബാദ് ആസ്ഥാനമായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതല. രണ്ടര വർഷംകൊണ്ട് പൂർത്തീകരിക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.
നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത്
മലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിെൻറ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി അദാലത്ത് നടത്തുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട രേഖകളുടെ അഭാവത്തിൽ ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ആവശ്യമായ രേഖകൾ നിയമാനുസൃതം വേഗത്തിൽ ലഭ്യമാക്കുന്നതിന് ഭൂവുടമകളെ സഹായിക്കുന്നതിനായി വില്ലേജ് ഓഫിസുകളിൽ കൺട്രോർ റൂമുകൾ തുറന്നിരുന്നു. കൺട്രോൾ റൂമിൽ നിന്നും ഭൂവുടമകളുമായി ബന്ധപ്പെട്ട് അവർക്ക് ലഭ്യമാക്കേണ്ട രേഖകൾ ബന്ധപ്പെട്ട ഓഫിസുകളുമായി സഹകരിച്ച് ലഭ്യമാക്കുകയും ഇപ്രകാരം ലഭിച്ച രേഖകൾ ഹാജരാക്കി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനുമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. രേഖകൾ ലഭിക്കുകയും അവ സമർപ്പിക്കുകയും ചെയ്യാത്ത ഭൂ ഉടമകൾ അതത് സ്ഥലങ്ങളിലെ അദാലത്തിൽ ലഭ്യമായ രേഖകൾ സമർപ്പിച്ച് പങ്കെടുക്കണം.
െകാണ്ടോട്ടി താലൂക്ക്
കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കൽ വില്ലേജുകളിലെ അദാലത്ത് ഇടിമുഴിക്കൽ എ.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 മുതൽ നടക്കും. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിലെ അദാലത്ത് പി.എസ്.എം.ഒ കോളജിലെ ഫാക്കൽറ്റി സെൻററിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30ന് ആരംഭിക്കും. എടരിക്കോട് ക്ലാരി ജി.യു.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30ന് തെന്നല, എടരിക്കോട് വില്ലേജുകളിലെ അദാലത്ത് നടക്കും. തേഞ്ഞിപ്പലം, മൂന്നിയൂർ വില്ലേജുകളിലെ അദാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സെമിനാർ കോംപ്ലക്സിൽ ഒക്ടോബർ നാലിന് രാവിലെ 9.30നാണ് ആരംഭിക്കുക. എ.ആർ നഗർ, വേങ്ങര വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30ന് കൊളപ്പുറം ജി.എച്ച് സ്കൂളിൽ നടക്കും.
തിരൂർ താലൂക്ക്
തിരൂർ താലൂക്കിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30ന് കോട്ടക്കൽ, മാറാക്കര, പെരുമണ്ണ വില്ലേജുകളിലെ അദാലത്ത് കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിലും കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് വളാഞ്ചേരി, കാവുംപുറം സാഗർ ഓഡിറ്റോറിയത്തിലും നടക്കും. പുത്തനത്താണി എ.എം.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30നാണ് കൽപകഞ്ചേരി, ആതവനാട്, കുറുമ്പത്തൂർ വില്ലേജുകളിലെ അദാലത്ത് ആരംഭിക്കുക. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് സംഘടിപ്പിക്കുന്നത്.
പൊന്നാനി താലൂക്ക്
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജിലെ അദാലത്ത് തൃക്കാവ് മാസ് കമ്യൂണിറ്റി ഹാളിൽ ഒക്ടോബർ ഒന്നിന് രാവിലെ 10ന് ആരംഭിക്കും. വെളിയങ്കോട് തമം ഓഡിറ്റോറിയത്തിൽ വെളിയങ്കോട് വില്ലേജിലെയും നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിൽ കാലടി വില്ലേജിലെയും അദാലത്ത് ഒക്ടോബർ നാലിന് രാവിലെ 10ന് നടക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 10ന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിൽ തവനൂർ വില്ലേജിലെയും വെളിയങ്കോട് തമം ഓഡിറ്റോറിയത്തിൽ പെരുമ്പടപ്പ് വില്ലേജിലെയും അദാലത്ത് നടക്കും.