ദേ ബസോടിച്ച് മണവാളൻ കൂടെ മണവാട്ടിയും; കല്യാണയാത്ര ‘ഫൻറാസ്റ്റിക്’ ആക്കി ഷാക്കിറും ഹർഷദയും
text_fieldsഷാക്കിറും ഹർഷദയും
കോട്ടക്കൽ: വർണമനോഹരമായി അലങ്കരിച്ച് വരുന്ന സ്വകാര്യ ബസ് യാത്രക്കാർക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയുമായി. ബസ് അടുത്ത് എത്തിയപ്പോൾ കണ്ടതാകട്ടെ ഡ്രൈവിങ് സീറ്റിൽ അണിഞ്ഞൊരുങ്ങി മണവാളൻ. ആശ്ചര്യം മാറും മുന്നേ തൊട്ടടുത്ത് മൈലാഞ്ചി ചോപ്പിൽ മണവാട്ടിയും. ക്രിസ്തുമസ് ദിനത്തിൽ നടന്ന ഒരു അടിപൊളി കല്യാണമായിരുന്നു ഷാക്കിറിന്‍റെയും ഹർഷിദയുടേയും. ഷാക്കിർ വർഷങ്ങളായി കോട്ടക്കൽ മരവട്ടം വഴി കാടാമ്പുഴ സർവ്വീസ് നടത്തുന്ന ഫൻ്റാസ്റ്റിക് ബസിലെ കണ്ടക്ടർ കം ഡ്രൈവറാണ്. ഇതിനിടിയിലാണ് കല്യാണം ഒത്തുവന്നത്. മലപ്പുറം ഗവ. കോളജിലെ ഡിഗ്രി വിദ്യാർഥി ഫർഷിദയാണ് വധു.
കോട്ടപ്പുറം ചേങ്ങോട്ടൂരാണ് ഇവരുടെ വീട്. ബസ് ജീവനക്കാരനായതിനാൽ ബസ് തന്നെ വിവാഹ വാഹനമാക്കണമെന്ന് ഒരാഗ്രഹം. കാര്യം പറഞ്ഞപ്പോൾ ഹർഷിദ ഡബിൾ ബെല്ലടിച്ചു. ഉടമ ഏറിയസ്സൻ അബ്ബാസിനോടും മാനേജർ ടി.ടി മൊയ്തീൻ കുട്ടിയോടും കാര്യം പറഞ്ഞു. പിന്നാലെ മോട്ടോർ വാഹന വകുപ്പിന്‍റെ അനുമതിയും ലഭിച്ചതോടെ ബസ് ഒരുങ്ങി.
പത്തായക്കല്ലിൽ നിന്നും ചേങ്ങോട്ടൂരിലേക്ക് ബന്ധുക്കളുമായിട്ടായിരുന്നു യാത്ര. തിരിച്ചുള്ള യാത്രയിൽ സഖിയായ ഹർഷിദയും. വിവാഹയാത്ര വ്യത്യസ്തമാക്കിയ ഇരുവർക്കും ആശംസകൾ അനവധിയാണ്. പത്തായക്കല്ല് പുത്തൻപീടിയൻ അഹമ്മദിൻ്റെയും നഫീസയുടേയും മകനാണ് ഷാക്കിർ. ഹർഷിദ ചേങ്ങോട്ടൂരിലെ കുന്നത്ത് ഹമീദിന്‍റെയും റഷീദയുടേയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

