കോട്ടക്കലിനെ പച്ച പരവതാനിയാക്കി മുസ്ലിം ലീഗ്
text_fieldsകോട്ടക്കലിൽ യു.ഡി.എഫ് നടത്തിയ വിജയാഹ്ലാദം
കോട്ടക്കൽ: അരക്കിട്ടുറപ്പിച്ച തട്ടകത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പിച്ച മുസ്ലിം ലീഗ് കോട്ടക്കലിൽ എക്കാലത്തേയും മികച്ച വിജയഗാഥ രചിച്ച് നഗരസഭ ഭരണം നിലനിർത്തി. 26 വാർഡുകളിൽ 24 എണ്ണത്തിലും ലീഗ് കോണി വെച്ച് കയറി. ലീഗ് വിമതനിലൂടെ കോൺഗ്രസിന് ആദ്യമായി ഒരു സീറ്റ് ലഭിച്ചപ്പോൾ രണ്ട് സീറ്റ് നിലനിർത്തി ബി.ജെ.പി ഇത്തവണയും താമര വിരിയിച്ചു. പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫിന് ആറ് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ആകെയുള്ള 35 സീറ്റുകളിൽ കക്ഷി നില ഇപ്രകാരമാണ്. യു.ഡി.എഫ്: മുസ്ലിം ലീഗ് (24), കോൺഗ്രസ്(ഒന്ന്), യു.ഡി.എഫ് സ്വത(രണ്ട്), എൽ.ഡി.എഫ്: സി.പി.എം (മൂന്ന്), എൽ.ഡി.എഫ് സ്വത(മൂന്ന്), ബി.ജെ.പി: രണ്ട്.
വോട്ടെണ്ണൽ ആരംഭിച്ച സമയം മുതൽ ഒന്നു മുതൽ പതിനഞ്ച് വരെയുള്ള വാർഡുകളിൽ അപ്രമാദിത്വമായിരുന്നു ലീഗിന്‍റെ തേരോട്ടം. ഇതിനിടയിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ മൈത്രി നഗറിൽ കന്നിയങ്കത്തിനിറങ്ങിയ കൃഷ്ണകുമാർ നിലനിർത്തി. മറ്റു വാർഡുകളും നിലനിർത്തിയ ലീഗ് സി.പി.എമ്മിന്‍റെ കോട്ടയായ പൂഴിക്കുന്ന് വാർഡ് സ്വതന്ത്ര സ്ഥാനാർഥിയിലൂടെ പിടിച്ചെടുത്തു. ആറ് വാർഡുകളിൽ മാത്രം ഒതുങ്ങിയ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മൂന്നെണ്ണത്തിൽ ചെങ്കൊടി പാറിച്ചു.
ഇതിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നായാടിപ്പാറ പിടിച്ചെടുത്തപ്പോൾ പുതുതായി രൂപവത്കരിച്ച കോട്ടപ്പടിയിൽ ബി.ജെ.പിക്ക് മുന്നിൽ കാലിടറി. ഇവിടെ നിലവിലെ കൗൺസിലറായ ഗോപിനാഥൻ്റെ ഭാര്യ വസന്തഗോപിനാഥാണ് വിജയിച്ചത്. സ്ഥാനാർഥി വിഭജനം മുമ്പേ വിവാദമായ ഗാഡിനഗർ വാർഡിൽ വിമതനായി രംഗത്തെത്തിയ ലീഗ് നേതാവായ അബ്ദു മങ്ങാടനിലൂടെ കോൺഗ്രസിന് ആദ്യമായി സീറ്റ് ലഭിച്ചു.
അധ്യാപക ദമ്പതികളായ പ്രവീൺ, സനില എന്നിവരും സി.പി.എമ്മിന്‍റെ വിജയപ്പട്ടികയിൽ ഇടം പിടിച്ചു. സനിലയും നിലവിലെ കൗൺസിലറായ ലീഗിലെ ഷഫാന ഷഹീറും വീണ്ടും വിജയിച്ചു. സി. പി.എമ്മിലെ രാഗിണി ഉള്ളാട്ടിലും ബി.ജെ.പിയുടെ ജയപ്രിയനുമാണ് പരാജയപ്പെട്ട കൗൺസിലർമാർ. നഗരസഭ മുൻ ചെയർമാൻ കെ.കെ നാസർ, ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, സി.പി.എമ്മിലെ ശോഭ ടീച്ചർ എന്നിവരാണ് വിജയിച്ച പ്രമുഖർ. വിജയാഹ്ലാദത്തിലേക്ക് മുസ്ലിം ലീഗ് ദേശീയ നേതാവ് എം.പി അബ്ദുസമദ് സമദാനി എത്തിയത് ആവേശമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

