നഗരസഭ െസക്രട്ടറി കോടതി ഉത്തരവോടെ വീണ്ടും കോട്ടക്കലിൽ ചുമതലയേറ്റു
text_fieldsകോട്ടക്കൽ: അഴിമതി കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നഗരസഭ സെക്രട്ടറി കോടതി അനുമതിയോടെ തിരികെ ജോലിയില്‍ പ്രവേശിച്ചു.
കോട്ടക്കല്‍ നഗരസഭ സെക്രട്ടറി സുഗധകുമാറാണ് നാല് മാസത്തിന് ശേഷം വീണ്ടും നഗരസഭയുടെ ചുമതലയേറ്റെടുത്തത്. ആറാഴ്ചത്തേക്ക് ഇടക്കാല ഉത്തരവോടുകൂടിയാണ് ചുമതലയേറ്റത്.
കോട്ടക്കലിലെ കരാറുകാരെൻറ പരാതിയില്‍ കോഴിക്കോട് റീജനല്‍ ജോയൻറ് ഡയറക്ടര്‍ നഗരസഭയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണ്‍ 25ന് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി നഗരസഭ സെക്രട്ടറി സുഗധകുമാറിനെ സസ്പെന്‍ഡ് ചെയ്തത്. സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതുമായി ബന്ധപ്പെട്ടാണ് കരാറുകാരന് പരാതി നല്‍കിയത്. തുക സ്വന്തമായി നല്‍കാതെ മറ്റൊരാളെക്കൊണ്ട് കൊടുപ്പിച്ചത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ ഗുരുതരമായ ലംഘനമാണെന്നായിരുന്നു കണ്ടെത്തല്‍. സസ്പെന്ഷന് പിന്നാലെ ഇദ്ദേഹം കേരള അഡ്മിനിസ്ട്രേഷന് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
തിരികെ ജോലിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി നല്കിയ വിശദീകരണത്തിനെ തുടര്‍ന്നാണ് താൽക്കാലിക നടപടി. ഇടക്കാല ഉത്തരവോടെ ആറാഴ്ചത്തേക്ക് ചുമതലയേൽക്കാനുള്ള ഉത്തരവ് ബുധനാഴ്ചയാണ് ലഭിച്ചത്.
ആരോപണ വിധേയനായ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നഗരസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കോവിഡ് സംവിധാനങ്ങളില്‍ സെക്രട്ടറി വീഴ്ച വരുത്തിയെന്ന മുസ്ലിം ലീഗിെൻറ ആരോപണവും വിവാദമായിരുന്നു.
ഇതിനെയെല്ലാം മറികടന്നാണ് നഗരസഭ സെക്രട്ടറി സുഗധകുമാര്‍ വീണ്ടും ചുമതലയേറ്റെടുത്തിരിക്കുന്നത്.