റമദാനിലും ക്ഷേത്രത്തിൽ ആചാരവെടി മുഴക്കി മുഹമ്മദ് കുട്ടി
text_fieldsപറപ്പൂർ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആചാരവെടി മുഴക്കുന്ന മുഹമ്മദ് കുട്ടി
കോട്ടക്കൽ: പുണ്യമാസമായ റമദാൻ കാലത്ത് സാഹോദര്യ പെരുമയുടെ സന്ദേശം നൽകുകയാണ് പറപ്പൂർ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം. വെള്ളിയാഴ്ച താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ആചാരവെടികൾ മുഴക്കുന്നത് നമ്പ്യാടത്ത് കുടുംബാംഗങ്ങളാണ്. ക്ഷേത്രത്തിന്റെ കൈകാര്യക്കാരായ കോട്ടക്കൽ കിഴക്കേ കോവിലകത്തുകാരാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് മഞ്ചേരിയിൽനിന്ന് ഇവരെ പറപ്പൂരിൽ കൊണ്ടുവരുന്നത്. അന്നു മുതൽ ഇന്നുവരെ നമ്പ്യാടത്ത് തറവാട്ടിലെ പൂർവികർക്ക് ലഭിച്ച അവകാശമാണ് ക്ഷേത്രത്തിലെ ആചാരവെടി മുഴക്കുകയെന്നത്.
വെടിക്കോപ്പുകളുമായി ആദ്യമെത്തിയത് മൊയ്തീൻ ഗുരുക്കളായിരുന്നു. ശേഷം കുഞ്ഞി കോമുക്കുട്ടി ഗുരുക്കൾ ഏറ്റെടുത്തു. കുഞ്ഞി കോമുക്കുട്ടി ഗുരുക്കളുടെ മരണശേഷം മകൻ മുഹമ്മദ് കുട്ടിയാണ് ആചാരം തുടർന്ന് പോരുന്നത്. മക്കളായ മുഹമ്മദ് റിസ്വാനും മുഹമ്മദ് റിനാനുമാണ് അടുത്ത അവകാശികൾ.
ഉത്സവത്തിന്റെ വരവറിയിച്ചുള്ള വെടി മുഴക്കുന്നത് മുതൽ ക്ഷേത്രത്തിന്റെ ഓരോ ചടങ്ങുകളും ഈ കുടുംബത്തിന് ഹൃദ്യമാണ്. പരമ്പരാഗതമായി ലഭിച്ച അനുഷ്ഠാന ചടങ്ങ് ഏറെ അഭിമാനത്തോടെയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.
ക്ഷേത്രത്തിലെ 64 അവകാശികൾക്കൊപ്പമാണ് ഈ കുടുംബത്തിന്റേയും സ്ഥാനമെന്നതും ഉത്സവത്തെ ഏറെ മഹനീയമാക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലിന് കാവുണർത്തൽ ചടങ്ങിന് 12 കതിനകൾക്ക് തീ കൊളുത്തുന്നതോടെ ആരംഭിക്കുന്ന ആചാരം ശനിയാഴ്ച ഉച്ചക്ക് ഉത്സവത്തിന് സമാപനം കുറിച്ചുള്ള അവസാനവെടി മുഴക്കി കുടുംബം മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

