കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമം –കെ. സുധാകരൻ, ലീഗ് നേതാവടക്കം നിരവധി പേർ കോൺഗ്രസിലേക്ക്
text_fieldsവിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണം കോൺഗ്രസ്
അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: വൈവിധ്യങ്ങളെ ചേർത്തുപിടിച്ച കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിലേക്ക് എത്തിയവർക്ക് എടരിക്കോട് നൽകിയ വരവേൽപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡൻറ് നാസർ കെ. തെന്നല അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, എ.പി. അനിൽകുമാർ എം.എൽ.എ, അജയ് തറയിൽ, ഇ. കുഞ്ഞിമുഹമ്മദ് കുഞ്ഞി, ആര്യാടൻ ഷൗക്കത്ത്, അബ്ദുൽമജീദ്, നൗഷാദ് അലി, സി. ആസാദ് എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് നേതാവ് കോൺഗ്രസിൽ
കോട്ടക്കൽ: മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ എടരിക്കോട് അരീക്കൽ സ്വദേശി കെ.പി. നാസർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനിൽനിന്ന് അംഗത്വം സ്വീകരിച്ചു. വാർഡ് ലീഗ് നേതാവായിരുന്ന ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയെൻറ ഭരണമികവിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. വിഷയം ലീഗിൽ ചർച്ചയായതിന് പിന്നാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നാസറിനെ തഴഞ്ഞു. വേങ്ങര ബ്ലോക്കിൽ കഴിഞ്ഞതവണ അംഗമായിരുന്നു നാസർ.

