മാധ്യമം ‘ഹാർമോണിയസ് കേരള’: മാനവികതയുടെ മഹോത്സവം കേരളത്തിലേക്ക്
text_fieldsകോട്ടക്കൽ: ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ മലയാളികൾക്ക് മുന്നിലേക്ക്. വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായി കേരളത്തിലെത്തുമ്പോൾ അത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരമായി മാറുകയാണ്.
സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ നാടെന്ന് എന്നും ലോകം വാഴ്ത്തിയ മലപ്പുറത്തിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ ആദ്യ കേരള സീസൺ എത്തുന്നത്.
2018 പ്രളയത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചാണ് മാധ്യമം ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിടുന്നത്. പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി.
കേരളവും പ്രവാസമണ്ണും ഒന്നുചേരുന്ന അസുലഭ മുഹൂർത്തങ്ങളായിരുന്നു ഹാർമോണിയസ് കേരളയുടെ ഓരോ സീസണും. ലോകമറിയുന്ന താരനിര വേദികളിൽ അണിനിരന്നു. ഗൾഫ് നാടിന്റെ സ്നേഹം ഓരോ സീസണിലും മലയാളികൾ തൊട്ടറിഞ്ഞു. ഇനി ആ സ്നേഹവും കരുതലും ആഘോഷവും കടൽകടന്ന് മലയാള മണ്ണിലേക്ക് എത്തുകയാണ്.
ഹാർമോണിയസ് കേരള ആദ്യ സീസൺ മലപ്പുറത്തിന്റെ മണ്ണിൽതന്നെ നടക്കുകയെന്നത് ഒരു നിയോഗം കൂടിയാണ്. എന്നും സാഹോദര്യത്തിന്റെ പ്രതീകമായി മാറിയ, സ്നേഹസൗഹൃദങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും നാടെന്ന ഖ്യാതിയുള്ള മലപ്പുറം ജില്ലക്ക് മാധ്യമം നൽകുന്ന സ്നേഹോപഹാരംകൂടിയാണ് ‘ഹാർമോണിയസ് കേരള’യുടെ ഈ എഡിഷൻ.
ആയുർവേദത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച, കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന കോട്ടക്കലിലാണ് ഡിസംബർ 24ന് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുന്നത്. കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ രാവിൽ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സംഗമത്തിന് പുറമെ, മലയാളത്തിന്റെ പ്രിയ കലാകാരൻമാർ അണിനിരക്കുന്ന കലാ പരിപാടികളും ഉണ്ടാകും.
ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരും വേദിയിലെത്തും. പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ പങ്കുചേരും.

