ഒതുക്കുങ്ങലിൽ അധ്യക്ഷ സ്ഥാനങ്ങൾ ലീഗിന് സ്വന്തം
text_fieldsഎ.കെ മെഹ്നാസ്,ടി.ടി. മുഹമ്മദ് എന്ന ബാവ
കോട്ടക്കൽ: കാൽനൂറ്റാണ്ടിന് ശേഷം കോൺഗ്രസ് അംഗങ്ങൾ ഇല്ലാതെ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് അംഗങ്ങൾ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാർഡ് 12ലെ എ.കെ. മെഹനാസാണ് പ്രസിഡൻറ്. ഉപാധ്യക്ഷൻ വാർഡ് ഏഴിലെ ടി.ടി. മുഹമ്മദ് എന്ന ബാവ മാഷാണ്.
പ്രസിഡൻറ് സ്ഥാനത്തേക്ക് ഹസീന കുരുണിയനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇവർക്ക് ഏഴു വോട്ടുകളും ലീഗിന് 15 വോട്ടുകളും ലഭിച്ചു.എസ്.ഡി.പി.ഐ അംഗം വിട്ടുനിന്നു. മെഹ്നാസ് കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. 2015 ഭരണ സമിതിയിൽ വാർഡ് അംഗവുമായിരുന്നു. മുഹമ്മദ് ആദ്യമായിട്ടാണ് അംഗമാകുന്നത്.
യു.ഡി.എഫ് സംവിധാനം യാഥാർഥ്യമായ 2000 മുതൽ ഉപാധ്യക്ഷ സ്ഥാനങ്ങൾ വഹിച്ചിരുന്ന കോൺഗ്രസിന് ഇത്തവണ അംഗങ്ങളില്ല. ഇതോടെ കോൺഗ്രസ് ഇല്ലാത്ത ഭരണസമിതിയായി മാറി. അന്ന് നാല് സീറ്റുകളിൽ മത്സരിച്ച് മൂന്ന് വാർഡുകളാണ് കോൺഗ്രസ് നേടിയത്.
ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചു. അതിന് മുന്നെ ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾ സ്വന്തം നിലക്കായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ ആറ് വാർഡുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. നാല് ഉറച്ച സീറ്റുകൾ നഷ്ട്ടപ്പെട്ടതിന് പിന്നിൽ ലീഗാണെന്നാണ് പരാതി. സംപൂജ്യരായതോടെ ലീഗിനെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. വൈസ് പ്രസിഡൻറ് സ്ഥാനം നൽകാതിരിക്കാൻ ബോധപൂർവം അട്ടിമറി നടന്നെന്നും ഇവർ ആരോപിക്കുന്നു. വിഷയം രൂക്ഷമായതോടെ ജില്ല
യു.ഡി.എഫ് നേതൃത്വം ഇടപെട്ട് സബ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബാബുരാജ്, ഡി.സി.സി സെക്രട്ടറി സമദ് മങ്കട, ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ജില്ല സെക്രട്ടറി അൻവർ മുള്ളമ്പാറ എന്നിവരാണ് ഉപസമിതിയംഗങ്ങൾ.
ഉപമ്മിറ്റിയിലെ കോൺഗ്രസ് നേതാക്കളുമായി ഡി.സി.സി ഓഫിസിൽ നടന്ന ചർച്ചയിൽ അനുരഞ്ജനമായിട്ടില്ല. പരാജയപ്പെട്ട വാർഡ് കമ്മറ്റി നേതാക്കളോട് രേഖാമൂലം പരാതി എഴുതി നൽകാനാണ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

