അവസാന ദിന ആഘോഷം: പ്ലസ് ടു വിദ്യാർഥികൾക്ക് ലോക്കിട്ട് പൊലീസ്
text_fieldsകോട്ടക്കൽ: പ്ലസ് ടു പരീക്ഷയുടെ അവസാന ദിനം ആഘോഷിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥികൾക്ക് ലോക്കിട്ട് കോട്ടക്കൽ പൊലീസ്. പുത്തൂർ ബൈപാസ് റോഡിൽനിന്ന് വാഹന റാലിയായി കോട്ടക്കൽ കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് വരികയായിരുന്നു സംഘം.
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി കാറുകളിലും ബൈക്കുകളിലും മാസ്ക് ധരിക്കാതെയും വാഹനത്തിെൻറ മുകളിൽ കയറിയിരുന്നും ആഘോഷമാക്കി വന്നിരുന്ന വിദ്യാർഥികളെ കോവിഡ് കർശന പരിശോധനയുടെ ഭാഗമായി കോട്ടപ്പടിയിൽ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്നു കാറുകളും രണ്ടു ബൈക്കുകളും പൊലീസ് പിടികൂടി.
കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

