കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും
text_fieldsകോട്ടക്കൽ നഗരസഭ കൗൺസിൽ യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം
കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും. ഇടതു കൗൺസിലർമാർ മർദിച്ചെന്നാരോപിച്ച് ചെയർപേഴ്സൻ ബുഷ്റ ഷബീർ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗും സി.പി.എമ്മും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. തെരുവുവിളക്കുകൾക്ക് അംഗീകാരം നൽകുന്നതടക്കമുള്ള മൂന്ന് അജണ്ടകളാണ് കൗൺസിലിന് മുമ്പാകെ എത്തിയിരുന്നത്. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള അജണ്ടകൾ മൂന്നുദിവസം മുന്നേ അറിയിക്കണമെന്നാവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. സമാനമായ സംഭവങ്ങൾ നേരത്തേയും ഉണ്ടായപ്പോൾ ചെയർ അംഗീകരിച്ചിരുന്നതായും പ്രതിപക്ഷം പറയുന്നു. ഇതോടെ ഭരണപക്ഷവും രംഗത്തെത്തി. ഇരുവിഭാഗങ്ങളും നേർക്കുനേർ പോർവിളിച്ചു.
അജണ്ട അവതരിപ്പിച്ച ഉദ്യോഗസ്ഥനിൽനിന്ന് ഉത്തരവുകൾ പ്രതിപക്ഷം പിടിച്ചുവാങ്ങി. ഇതോടെ യോഗം ബഹളമയമായി. അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞതോടെ അധ്യക്ഷയുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധമുണ്ടായി. സംഭവമറിഞ്ഞ് ലീഗ് നേതാക്കളും പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പൊലീസുമെത്തി.
ഇരു കൂട്ടരുടേയും വിശദീകരണമെടുക്കുന്നതിനിടെ ബുഷ്റ ഷബീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിക്കാനുള്ള ആസൂത്രിത നീക്കത്തോടെയാണ് സി.പി.എം കൗൺസിലർ കൗൺസിൽ യോഗത്തിൽ എത്തിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ, സമൂഹ മാധ്യമങ്ങളിലൂടെയാണ് അജണ്ടകൾ അറിഞ്ഞതെന്നും തെരുവുനായ്, ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കൽ തുടങ്ങിയ വിഷയങ്ങൾക്ക് പരിഗണന കൊടുക്കാതെ ഭരണസമിതിക്ക് ഇഷ്ടമുള്ള പദ്ധതികൾ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ടി. കബീർ കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കോട്ടക്കൽ: നഗരസഭ ചെയർപേഴ്സനെ കൈയേറ്റം ചെയ്ത സി.പി.എം കൗൺസിലർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സേതുമാധവൻ അധ്യക്ഷത വഹിച്ചു. സാജിദ് മങ്ങാട്ടിൽ, കെ.എം. ഖലീൽ, വടക്കുംപാട്ട് സുധീർ, അബ്ദുറഹിമാൻ മുക്രി, അബു കിഴക്കേതിൽ, യു.എ. ഷബീർ, സുലൈമാൻ പാറമ്മൽ, നാസർ തയ്യിൽ, പി.പി. ഉമ്മർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

