ദേശീയപാത നിലമെടുപ്പ്: കോട്ടക്കൽ നഗരസഭക്ക് ലഭിക്കുന്നത് രണ്ടുകോടിയോളം
text_fieldsഭൂമിയുടെ രേഖകൾ ചെയർപേഴ്സൻ ബുഷ്റ ഷബീർ ദേശീയപാത നിലമെടുപ്പ് എൻ.എച്ച് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന് കൈമാറുന്നു
കോട്ടക്കൽ: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോട്ടക്കൽ നഗരസഭക്ക് ലഭിക്കുന്നത് ഒരുകോടിയോളം രൂപ. പാത കടന്നുപോകുന്ന ചിനക്കൽ പെട്രോൾ പമ്പിന് സമീപമുള്ള നഗരസഭയുടെ ഭൂമിയാണ് എൻ.എച്ച് അതോറിറ്റി ഏറ്റെടുക്കുന്നത്.
25 സെൻറ് ഭൂമിയാണ് ഇവിടെ നഗരസഭയുടെ കൈവശമുള്ളത്. ഇതിൽ 12 സെൻറ് ഭൂമിയാണ് നാലുവരി പാതക്കായി ഏറ്റെടുക്കുന്നത്. 98,11,229 ലക്ഷം രൂപ നഗരസഭക്ക് ലഭിക്കും.
ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ ചെയർപേഴ്സൻ ബുഷ്റ ഷബീർ ദേശീയപാത നിലമെടുപ്പ് എൻ.എച്ച് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന് കൈമാറി. തുടർനടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തിരൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലുള്ളവർക്കായുള്ള അദാലത്ത് കോട്ടക്കലിൽ നടന്നു.
പെരുമണ്ണ (23), മാറാക്കര (20) പഞ്ചായത്തുകൾ, കോട്ടക്കൽ നഗരസഭ (ആറ്) എന്നിവിടങ്ങളിൽ നിന്നുമായി 49 കേസുകളാണ് എത്തിയത്. 38 കക്ഷികൾ നേരിട്ടെത്തി. അഞ്ചുകേസുകൾ തീർപ്പാക്കി. എത്താൻ കഴിയാത്തവരടക്കമുള്ളവർ ഇനി കോഴിച്ചെനയിലെ നിലമെടുപ്പ് കാര്യാലയത്തിൽ രേഖകൾ ഹാജരാക്കാം.
ഇവിടെയും രേഖകൾ നൽകിയില്ലെങ്കിൽ കോടതി വഴിയായിരിക്കും തുടർനടപടികൾ. ഭൂരേഖകൾ സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നിലവിൽ 1200 കോടിയുടെ നഷ്ടപരിഹാരമാണ് ഇനി നൽകാനുള്ളത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നി താലൂക്കിലെ ഭൂവുടമകൾക്കായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
നാല്, അഞ്ച് തിയതികളിലായി മറ്റിടങ്ങളിൽ അദാലത്ത് നടക്കും. കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത് അസി. കലക്ടർ സഫ്ന നസറുദ്ദീൻ സന്ദർശിച്ചു. ഇലക്ഷൻ െഡപ്യൂട്ടി ഹരികുമാർ, എൽ.എ.എൻ.എച്ച് സ്പെഷൽ തഹസിൽദാർമാരായ പി.എം. സമീറ, മായ, ഉദ്യോഗസ്ഥരായ അബ്ദുൽ മജീദ്, സജീവ്, റസ്ലമ്മ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.