നഗരസഭ പരിധിയിലെ ഹോട്ടൽ മാലിന്യം പഞ്ചായത്ത് റോഡിൽ
text_fieldsഎടരിക്കോട് പഞ്ചായത്തിലെ റോഡരികിൽ തള്ളിയ ഹോട്ടൽ മാലിന്യം തിരിച്ച് എടുക്കുന്നു
കോട്ടക്കൽ: നഗരസഭ പരിധിയിലെ ഹോട്ടലിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ എടരിക്കോട് പഞ്ചായത്തിലെ റോഡരികിൽ. തുടർ പരിശോധനയിൽ ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് പിഴയിട്ട ആരോഗ്യവകുപ്പ് ഇവ ഹോട്ടൽ അധികൃതരെ കൊണ്ടു തിരിച്ചെടുപ്പിച്ചു. പതിനൊന്നാം വാർഡ് ചെറുശോല പൂഴിത്തറമ്മൽ കാലൊടിടി അസൈന്റെ വീടിനു സമീപമാണ് മാലിന്യം തള്ളിയിരുന്നത്.
പരാതിയെ തുടർന്ന് പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഒ. സുധീർ രാജ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഇ. റമീസ, വാർഡ് അംഗം ആമിന വാണിയംതൊടി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഹോട്ടലിനെതിരെ അയ്യായിരം രൂപയാണ് പിഴ ചുമത്തിയത്.

