അബുവിന് വീടൊരുക്കാൻ നാടൊന്നിക്കുന്നു
text_fieldsപാറമ്മൽ സെവൻസ് സ്റ്റാർ ക്ലബ് ശേഖരിച്ച പണം സുബൈദക്ക് കൈമാറുന്നു
കോട്ടക്കൽ: ചോർന്നൊലിക്കുന്ന വാടക വീട്ടിൽ കഴിയുന്ന അർബുദ രോഗിയായ അറുപതുകാരൻ മാതാരി അബുവിനും ഭാര്യ സുബൈദക്കും വീടൊരുക്കാൻ നാടൊരുങ്ങുന്നു. കോട്ടക്കൽ പാറയിൽ സ്ട്രീറ്റിലെ പത്ത് വർഷത്തിലധികമായി കഴിയുന്ന കുടുംബത്തെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയതിന് പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച പൗരപ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സഹായ കമ്മിറ്റി രൂപവത്കരിക്കും. അബുവിെൻറ പേരിലാണ് ബാങ്ക് അക്കൗണ്ടുള്ളത്. വെള്ളിയാഴ്ച സുബൈദയുടെ പേരിലേക്ക് അക്കൗണ്ട് മാറ്റും. ഗൂഗിൾ പേ സംവിധാനവുമുണ്ടാക്കും.
പഴക്കച്ചവടക്കാരനായിരുന്ന അബുവിന് പത്തുവർഷം മുമ്പാണ് രോഗം ബാധിച്ചത്. തുടർച്ചയായുള്ള കീമോതെറാപ്പി മൂലം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശരീരം ശോഷിച്ചു. ചികിത്സ ചെലവടക്കം വലിയ ബാധ്യത നിർധന കുടുംബത്തിന് താങ്ങാനാകുന്നില്ല. 4000 രൂപ വാടകയുള്ള വീടിെൻറ രണ്ടുമാസത്തെ വാടക കുടിശ്ശികയാണ്. ചിനക്കലിൽ ചെങ്കുത്തായ സ്ഥലത്ത് നാല് സെൻറുണ്ടെങ്കിലും വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ്.
താൽക്കാലിക ക്ലീനിങ് ജോലി വഴി ലഭിക്കുന്ന സുബൈദയുടെ ശമ്പളമാണ് ഏക വരുമാനം. ദുരിതമറിഞ്ഞ് കെ.എം.സി.സി അടക്കമുള്ള സംഘടനകളും ക്ലബുകളും നാട്ടുകാരും സഹായവുമായി രംഗത്തെത്തി. പാറമ്മൽ സെവൻസ് സ്റ്റാർ ക്ലബ് നേതൃത്വത്തിൽ ശേഖരിച്ച 60,701 രൂപ അംഗങ്ങൾ കുടുംബത്തിന് കൈമാറി. പ്രസിഡൻറ് മുസ്തഫ ബ്രദേഴ്സ്, ജനറൽ സെക്രട്ടറി റഷീദ് മുബാറക് എന്നിവരിൽനിന്ന് സുബൈദ ഏറ്റുവാങ്ങി. ഭാരവാഹികളായ ശിഹാബ്, അനു, സൈനു, ഫാസിൽ, മുത്തു, നൗഷാദ്, കുഞ്ഞിപ്പ എന്നിവരും പങ്കെടുത്തു. വാർഡ് കൗൺസിലർ സബ്ന ഷാഹുലിെൻറ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകരും ചികിത്സ സഹായത്തിനായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

