ഗൂഗ്ൾ മാപ് 'ചതിച്ചു' കാർ പാടത്ത്
text_fieldsഅപകടത്തിൽ പെട്ട കാർ നാട്ടുകാർ കയർ ഉപയോഗിച്ച് ഉയർത്തുന്നു
കോട്ടക്കൽ: ഗൂഗ്ൾ മാപ് വഴി കാറോടിച്ച് യാത്രികർ ചെന്നെത്തിയത് പാടത്ത്. അപകടം ഉറപ്പായതോടെ വാഹനം തിരിക്കുന്നതിനിടെ കോൺക്രീറ്റ് റോഡിൽ അപകടത്തിലും പെട്ടു. ഒടുവിൽ നാട്ടുകാരുടെ ശ്രമത്തോടെ കാർ വടം കെട്ടി തിങ്കളാഴ്ച രാവിലെ റോഡിലെത്തിച്ചു. എടരിക്കോട് പാലച്ചിറമാടാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സംഭവം നടന്നത്.
വേഗമെത്താൻ എളുപ്പമാർഗം സ്വീകരിച്ചതാണ് യുവാവിന് വിനയായത്. തിരൂർ പൊന്മുണ്ടത്തുനിന്ന് പുതുപ്പറമ്പിലേക്ക് യാത്ര തിരിച്ചതാണ് കുട്ടിയടക്കമുള്ള കുടുംബം. ഗൂഗ്ൾ മാപ് വഴിയായിരുന്നു യാത്ര. എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുമ്പുള്ള തറമ്മൽ റോഡാണ് മാപ്പിലൂടെ കണ്ടത്.
ഇതാകട്ടെ വലിയ ഇറക്കമുള്ള കോൺക്രീറ്റ് റോഡും. ചെന്നവസാനിക്കുന്നത് പാടത്തും. ഇതുവഴി പുതുപ്പറമ്പിലേക്ക് നടന്നുപോകാൻ കഴിയുമെന്നാണ് പ്രദേശത്തുകാർ പറയുന്നത്. വഴിതെറ്റിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നിശ്ചലമാവുകയും ചെയ്തു.
ഭാഗ്യം കൊണ്ടാണ് കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.യാത്ര മുടങ്ങിയതോടെ വാഹനം ഉപേക്ഷിച്ച് കുടുംബം യാത്രതിരിച്ചു. രാവിലെ വാഹനം വലിയ വടം ഉപയോഗിച്ച് നാട്ടുകാരുടെ ശ്രമത്തിൽ പ്രധാന റോഡിലേക്ക് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

