കാലാവസ്ഥ നിർണയം മുതൽ ബഹിരാകാശ വിനിമയം വരെ
text_fieldsകോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ച ലിറ്റിൽ കൈറ്റ്സ്
ജില്ല ക്യാമ്പിൽ റോവർ റോബോട്ടുകൾ നിർമിക്കുന്ന കുട്ടികൾ
കോട്ടക്കൽ: കാലാവസ്ഥ നിർണയം മുതൽ ബഹിരാകാശ വിനിമയം വരെ കുട്ടികൾ തൊട്ടറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ല ക്യാമ്പിന് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം. പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ, കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധന സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ പ്രോജക്റ്റുകളാണ് കുട്ടികൾക്ക് നൽകിയ പരിശീലനത്തിൽ ഉണ്ടായിരുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചായിരുന്നു വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.
പൂന്തോട്ടത്തിൽനിന്ന് തേൻ ശേഖരിച്ച് അവ പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നുനൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയാറാക്കിയതിലൂടെ ത്രിമാന അനിമേഷൻ നിർമാണത്തിലെ വിവിധ ഘട്ടങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, കാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവ സ്വതന്ത്രസോഫ്റ്റ് വെയറായ ബ്ലെൻഡർ ഉപയോഗിച്ചാണ് കുട്ടികൾ പരിചയപ്പെട്ടത്. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മേയ് മാസത്തിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൈറ്റ് ജില്ല കോഓഡിനേറ്റർ കെ. മുഹമ്മദ് ഷെരീഫ്, പരിശീലകരായ പി.കെ. കുട്ടിഹസ്സൻ, ഹസൈനാർ മങ്കട, സി.കെ. ഷാജി, സി. ജയകൃഷ്ണൻ, എ. ഗോകുൽനാഥ്, വി.വി. മഹേഷ്, സുമി കൃഷ്ണൻ, എൻ. സക്കീർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

