പാഴ്വസ്തുക്കൾ കൊണ്ട് ഫഹദ്ഷ ഒരുക്കിയത് 'സൈക്കിൾ ബൈക്ക്'
text_fieldsസ്വന്തമായി നിർമിച്ച ബൈക്കിൽ ഫഹദ്ഷ
കോട്ടക്കൽ: ഒറ്റനോട്ടത്തിൽ സൈക്കിൾ, സൂക്ഷിച്ചു നോക്കിയാൽ ഒരടിപൊളി ബൈക്ക്. ആരെയും വിസ്മയിപ്പിക്കുന്ന 'സൈക്കിൾ ബൈക്ക്' ഉണ്ടാക്കിയതാകട്ടെ, ആക്രിക്കടയിലെ പാഴ്വസ്തുക്കള് ഉപയോഗിച്ചും. പുത്തനത്താണി അതിരുമടയിലെ ഫഹദ്ഷ എന്ന പ്ലസ് ടു വിദ്യാർഥിയാണ് സൈക്കിളിെൻറയും ബൈക്കിെൻറയും ഭാഗങ്ങൾ ഉപയോഗിച്ച് ഇരുചക്ര വാഹനം നിർമിച്ചത്.
ബൈക്ക് ഓടിക്കാന്‍ പഠിച്ചത് മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ബൈക്ക് വാങ്ങണമെന്നത്. എന്നാല്‍, പ്രായവും സാമ്പത്തികവും വിലങ്ങുതടിയായപ്പോള്‍ ബൈക്ക് നിർമിക്കണമെന്നതായി ചിന്ത. ഇതോടെ ആക്രിക്കടയില്‍ കയറിയിറങ്ങി. സൈക്കിളിെൻറയും ബൈക്കിെൻറയും അവശിഷ്ടങ്ങള്‍ ശേഖരിച്ചായിരുന്നു ഓരോ തവണയും മടങ്ങിയിരുന്നത്.
ആവശ്യമായ സാധനങ്ങളെല്ലാം ലഭിച്ചതോടെ പണി തുടങ്ങി. ജി.ഐ പൈപ്പിെൻറ കഷ്ണങ്ങള്‍ വെൽഡ് ചെയ്തായിരുന്നു ഷാസി നിർമിച്ചത്.കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പമ്പിങ് മോട്ടോറിെൻറ ഇന്ധന ടാങ്ക് രൂപമാറ്റം വരുത്തി പെട്രോള്‍ ടാങ്കാക്കി. ഇതിനിടെ ബൈക്കിെൻറ എൻജിനും ആക്രിക്കടയില്‍നിന്ന് വാങ്ങിയിരുന്നു. മൂന്നാഴ്ചക്കകം നിർമാണം പൂർത്തിയായി.
എത്ര ദൂരം വേണമെങ്കിലും സുഖമായി ഇതിൽ യാത്ര ചെയ്യാം. എന്നാൽ, എൻജിന് ക്ഷമത കൂടുതലായതിനാല്‍ വാഹനം നിരത്തിലിറക്കാന്‍ നിര്‍വാഹമില്ല. എങ്കിലും പരീക്ഷണം വിജയം കണ്ടതിെൻറ സന്തോഷത്തിലാണ് മയ്യേരി സെയ്താലിക്കുട്ടിയുടെയും ഫാത്തിമ സുഹ്റയുടെയും മകനായ ഫഹദ്ഷ.
സ്വന്തം കഴിവിൽ ബൈക്കൊരുക്കിയ മിടുക്കനെ കുറുക്കോളി മൊയ്തീന് എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. എം.എല്‍.എ ഉപഹാരവും കൈമാറി. അടുത്തതായി ഇലക്ട്രിക് സ്കൂട്ടര്‍ നിർമിക്കാനുള്ള ശ്രമത്തിലാണ് ഫഹദ്ഷ.