നൂറിന്റെ നിറവിൽ ഡോ. പി.കെ. വാര്യർ; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിക്കാനൊരുങ്ങി തൊഴിലാളികൾ
text_fieldsകോട്ടക്കൽ: ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ആയുർവേദ ഭിഷഗ്വരനുമായ പത്മഭൂഷൺ ഡോ. പി.കെ. വാര്യരുടെ നൂറാം ജന്മദിനാഘോഷം അവിസ്മരണീയമാക്കാൻ തൊഴിലാളികളും. 'ശതപൂർണിമ' പേരിൽ നാടുമുഴുവൻ അദ്ദേഹത്തിെൻറ പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ 2,500ഓളം ജീവനക്കാരാണ് സ്നേഹോപഹാരവുമായി രംഗത്തെത്തിയത്. കോട്ടക്കൽ നഗരസഭയിലെ ഭവനരഹിതരായ ആളുകളിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് കുടുംബങ്ങൾക്കാണ് സ്വപ്ന ഭവനം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകളിൽനിന്ന് ആര്യവൈദ്യശാല യൂനിയനുകളും മാനേജ്മെൻറും അടങ്ങുന്ന കമ്മിറ്റി പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തെരഞ്ഞെടുക്കും. ആറുമാസത്തിനകം വീട് നിർമിച്ച് നൽകാനാണ് തീരുമാനം.
നടപടിയുടെ ഭാഗമായി ജീവനക്കാരുടെ പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവെച്ചു. വി. വേണുഗോപാൽ (കൺട്രോളർ എച്ച്.ആർ), മുരളി തായാട്ട് (ചീഫ് മാനേജർ എച്ച്.ആർ), എൻ. മനോജ് (എച്ച്.ആർ മാനേജർ), ഒ.ടി. വിശാഖ് (ഡെപ്യൂട്ടി മാനേജർ, എച്ച്.ആർ), കെ. ഗീത (ഡെപ്യൂട്ടി മാനേജർ, ഐ.ആർ), രാകേഷ് ഗോപാൽ, യൂനിയൻ ഭാരവാഹികളായ എം. രാമചന്ദ്രൻ (സി.ഐ.ടി.യു), മധു കെ. (എ.ഐ.ടി.യു.സി), എം.വി. രാമചന്ദ്രൻ ഐ.എൻ.ടി.യു.സി), കെ.പി. മുരളീധരൻ (ബി.എം.എസ്) തുടങ്ങിയവർ പങ്കെടുത്തു.