ഭിന്നശേഷിക്കാരായ നിർധന വിദ്യാർഥികൾക്ക് സി.പി.എം വീട് നിർമിച്ചുനൽകും
text_fieldsകോട്ടക്കൽ: ഭിന്നശേഷിക്കാരായ മക്കള്‍ക്കൊപ്പം കഴിയാന്‍ സ്വന്തമായി ഒരു കൊച്ചുവീടെന്ന കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി. പന്ത്രണ്ട് വര്‍ഷത്തിലധികമായി വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന നിത്യരോഗികളായ പുഷ്പക്കും പ്രഭാകരനും മക്കൾക്കുമുള്ള സ്വപ്നഭവനം കോട്ടപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമിക്കുക. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ പത്തരക്ക് ഇവർ താമസിക്കുന്ന നായാടിപ്പാറയിലെ വാടക ക്വാർട്ടേഴ്സ് പരിസരത്ത് നടക്കും.
'മാധ്യമം' വാർത്തയെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വീട് നിർമാണത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിക്കും. സുമനസ്സുകളുടെ സഹായത്തോടെ ആറുമാസത്തിനകം രണ്ടു മുറികളടക്കം സൗകര്യങ്ങളോടെയുള്ള വീടാണ് നിർമിക്കുക. കമ്മിറ്റിയുടെ പേരിൽ ഗൂഗിൾ പേ സംവിധാനമുള്ള പുതിയ അക്കൗണ്ട് രൂപവത്കരിക്കും.
അപകടത്തെത്തുടർന്ന് വലതുകാലിന്റെ മുട്ടിന് താഴെ മുറിച്ചുമാറ്റിയ പ്രവീണും (24), മിഥുനും (27) രക്ഷിതാക്കൾക്കൊപ്പം ദുരിതക്കയത്തിൽ കഴിയുന്ന വാർത്ത 22നാണ് 'മാധ്യമം' നൽകിയത്. പ്രവീണിന് അപകട പരിരക്ഷ വഴി ലഭിച്ച പണംകൊണ്ട് പാണ്ടമംഗലത്ത് നാലുസെന്റ് ഭൂമി വാങ്ങിയിരുന്നു. ഇവിടെയാണ് വീട് നിർമിക്കുന്നത്. കോട്ടക്കൽ മനോവികാസ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളാണ് ഇരുവരും. സഹായഹസ്തവുമായി സ്കൂൾ അധികൃതരും രംഗത്തെത്തി. ഞായറാഴ്ച രാവിലെ ഇവർ കുടുംബത്തെ സന്ദർശിക്കും.
വിവിധ സംഘടനകളും കുടുംബത്തിനായി രംഗത്തെത്തിയിട്ടുണ്ട്. നാലുപേരും കഴിയുന്ന വാടകമുറിക്ക് കുടിശ്ശിക വന്നതോടെ പതിനായിരം രൂപയോളം ഉടമക്ക് കൊടുക്കാനുണ്ട്. ക്ഷേത്രത്തിൽ താൽക്കാലിക ജീവനക്കാരിയാണ് പുഷ്പ. ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രഭാകരൻ നിത്യരോഗിയുമാണ്.