പ്രവീണിന്‍റെയും മിഥുന്‍റെയും കുടുംബത്തിന് സി.പി.എം വീട് നിർമിച്ച് നൽകും
text_fieldsകുടുംബം കഴിയുന്ന വാടക ക്വാർട്ടേഴ്സ് സി.പി.എം ഏരിയ കമ്മിറ്റി അംഗം പുഷ്പരാജൻ, ലോക്കൽ സെക്രട്ടറി ടി.പി ഷമീം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ.
കോട്ടക്കൽ: ഭിന്നശേഷിക്കാരായ മക്കള്‍ക്കൊപ്പം വർഷങ്ങളായി വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന കുടുംബത്തിന് ആശ്വസിക്കാം. ആറ് മാസത്തിനകം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കോട്ടക്കലിലെ സി.പി.എം നേതാക്കൾ പ്രവീണിന്‍റെയും (24 ) മിഥുന്‍റെയും (27) രക്ഷിതാക്കളായ പുഷ്പക്കും പ്രഭാകരനും ഉറപ്പ് നൽകി. ഇവർ താമസിക്കുന്ന കോട്ടക്കൽ നായാടിപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം പുഷ്പരാജൻ ഔദ്യോഗികപ്രഖ്യാപനം നടത്തി.
ലോക്കൽ സെക്രട്ടറി ടി.പി ഷമീം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.വി സുർജിത്ത് പദ്ധതി വിശദീകരിച്ചു. മധു, ഹരിദാസ് കള്ളിയിൽ, പേക്കാട്ട് മോഹനൻ, മുഹമ്മദ് കൊളക്കാടൻ, ദേവരാജൻ, മോഹനൻ കൊടിഞ്ഞി, രാജൻ മാഷ്, ഗോപാലകൃഷ്ണൻ മാതേരി, കുഞ്ഞിപ്പ കുനിക്കകത്ത്, ചെറ്റാരി സുധാകരൻ, കെ. മൻസൂർ എന്നിവർ പങ്കെടുത്തു. കോട്ടപ്പടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.
അപകടത്തെതുടർന്ന് വലതുകാലിന്‍റെ മുട്ടിന് താഴെ മുറിച്ചുമാറ്റിയ പ്രവീണും മിഥുനും രക്ഷിതാക്കൾക്കൊപ്പം ദുരിതജീവിതം നയിക്കുന്ന വാർത്ത കഴിഞ്ഞ 22നാണ് 'മാധ്യമം' നൽകിയത്. പ്രവീണിന് അപകടത്തെതുടർന്ന് ലഭിച്ച പരിരക്ഷ ഫണ്ട് ഉപയോഗിച്ച് പാണ്ടമംഗലത്ത് വാങ്ങിയ അഞ്ച് സെന്‍റിലാണ് വീട് നിർമിക്കുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും സഹായത്തോടെയാണ് വീട് ഒരുക്കുക. ആദ്യഘട്ടമായി ജനകീയ കമ്മറ്റി രൂപവത്ക്കരിക്കും. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടിന് കോട്ടക്കൽ ജി.യു.പി സ്കൂളിലാണ് യോഗം ചേരുക. വീട് നിർമാണത്തിനുള്ള കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്ത് പുതിയ അക്കൗണ്ട് ആരംഭിക്കും. ഒക്ടോബർ അവസാനവാരത്തിൽ തറക്കല്ലിടുമെന്ന് നേതാക്കൾ അറിയിച്ചു.
കോട്ടക്കൽ മനോവികാസ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വീട് പണി കഴിയുന്നത് വരെയുള്ള താമസ സ്ഥലത്തിന്‍റെ വാടകയും കുടിശ്ശികയായി നൽകാനുള്ള പതിനായിരം രൂപയും സ്കൂൾ അധികൃതർ ഏറ്റെടുക്കും. മാനേജ്മെന്‍റ് അടുത്ത ദിവസം കുടുംബത്തെ സന്ദർശിക്കും. തങ്ങളുടെ ദുരിതം പുറത്തെത്തിച്ച മാധ്യമത്തിന് പുഷ്പയും പ്രഭാകരനും നന്ദി പറഞ്ഞു.