സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയിൽ വാക്കേറ്റവും കൈയേറ്റവും
text_fieldsകോട്ടക്കൽ: വിഭാഗീയതക്ക് ആക്കം കൂട്ടി സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയേറ്റവും. ലോക്കൽ കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. ഇതിന് പിന്നാലെ രാജി ഭീഷണിയുമായി നഗരസഭ കൗൺസിലർമാർ രംഗത്തെത്തിയതും ആശങ്കകൾക്ക് വഴിവെച്ചു. ഡിസംബറിൽ നടന്ന ലോക്കൽ സമ്മേളനത്തിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. അന്നത്തെ ലോക്കൽ സെക്രട്ടറി ഇ.ആർ. രാജേഷിനും എതിരെ മത്സരിച്ച കെ.വി. അബ്ദുറഹിമാനും (കുഞ്ഞാപ്പു) തുല്യവോട്ടുകൾ ലഭിച്ചെങ്കിലും നറുക്കെടുപ്പിലൂടെ അബ്ദുറഹിമാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെതിരെ രാജേഷ് ജില്ല കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം ചേർന്നത്. ജില്ല കമ്മിറ്റി അംഗങ്ങളായ വി.ടി. സോഫിയ, പി.കെ. അബ്ദുല്ല നവാസ് എന്നിവർ യോഗത്തിനെത്തിയിരുന്നു.
ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. അനിൽ യോഗത്തിന് മുമ്പ് മടങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം മറുപക്ഷത്തെ പരാജയപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചെന്നാക്ഷേപമുയർന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ചിലർ വാദിച്ചു. പിന്നാലെ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളി വരെയെത്തി. ഇതോടെയാണ് കൗൺസിലർമാരിൽ രണ്ടുപേർ സ്ഥാനം രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വിഷയത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റി അംഗം രാജിവെച്ചതായും പറയുന്നു.
ആരോപണം അടിസ്ഥാനരഹിതം -എൽ.സി
കോട്ടക്കൽ: സി.പി.എം യോഗത്തിൽ ഉണ്ടായെന്ന് പറയുന്ന സംഭവങ്ങൾ അടിസ്ഥാനരഹിതമെന്ന് ലോക്കൽ സെക്രട്ടറി ടി.പി. ഷമീം പറഞ്ഞു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഗവർണർക്കെതിരെ സമരം ശക്തമാക്കാനുള്ള വിഷയവുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. വ്യക്തികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിയുമായി കൂട്ടി വായിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

