സി.ബി.എസ്.ഇ കലോത്സവം; ആയുർവേദ നഗരം ഇന്ന് ചിലങ്കയണിയും
text_fieldsകോട്ടക്കൽ: നടന താളമേള വിസ്മയങ്ങൾ തീർത്ത് സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ സംഘടിപ്പിക്കുന്ന ജില്ല കലോത്സവത്തിന് ശനിയാഴ്ച തിരി തെളിയും. രണ്ടു രാപ്പകലുകളിലായി കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലാണ് പ്രതിഭകൾ മാറ്റുരക്കുന്നത്. 57 ഇനങ്ങളിൽ ജില്ലയിലെ 62 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള 3500ൽപരം കുരുന്നുകൾ വേദിയിൽ എത്തും.
സ്കൂളിലെ ആറ് വേദികളിലും പുറത്ത് വിശാലമായ ഓഡിറ്റോറിയം ഉൾപ്പെടെ ഏഴ് വേദികൾ ഒരുങ്ങിക്കഴിഞ്ഞു. ജില്ല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് നവംബറിൽ കാലടി ശ്രീശാരദ വിദ്യാലയത്തിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ആദ്യ ദിവസം വേദി ഒന്നിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിയോട് കൂടി കലാമാമാങ്കത്തിന് തിരശ്ശീല ഉയരും. മാപ്പിള കലകളായ ഒപ്പന, കോൽക്കളി, ദഫ്മുട്ട്, എന്നിവയും നാടോടി നൃത്തം, തിരുവാതിരക്കളി, സംഘഗാനം, ലളിത ഗാനം എന്നിവയാണ് ഇതര മത്സരങ്ങൾ. മാർഗം കളി, സംഘനൃത്തം എന്നിവയാണ് സമാപനദിവസമായ ഞായറാഴ്ച അരങ്ങേറുന്ന പ്രധാന മത്സരങ്ങൾ. രാവിലെ 10ന് ഇ.ടി മുഹമദ് ബഷീർ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും.
നിലവിൽ സ്റ്റേജിതര ഐ.ടി മേളയിൽ കുറ്റിപ്പുറം എം.ഇ.എസ് കാമ്പസ് സ്കൂൾ, കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ, വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

