കോട്ടക്കലിലെ ഓട്ടോ ഡ്രൈവർമാർ പൊളിയാണ് യാത്രക്കാർക്ക് ദാഹമകറ്റാൻ മോരുവെള്ളം റെഡി
text_fieldsചങ്കുവെട്ടിയിൽ മോരുവെള്ളം നിറച്ച കൂജക്ക് സമീപം ബാബുവും (വലതുനിന്ന് രണ്ടാമത്) മറ്റു ഡ്രൈവർമാരും
കോട്ടക്കൽ: ആയുർവേദ നഗരത്തിന്റെ കവാടമായ ചങ്കുവെട്ടിയിൽ എത്തുന്ന യാത്രക്കാർ ദാഹമകറ്റാൻ പ്രയാസം അനുഭവിക്കരുത്. നല്ല ഇഞ്ചി ചതച്ചതും പച്ചമുളകും ചേർത്ത അടിപൊളി മോരുവെള്ളം കുടിക്കാം; സൗജന്യമായി. എ.വി.എസ് സ്ക്വയർ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരാണ് ഈ മാതൃക പദ്ധതിയുടെ പിന്നിലുള്ളത്. ചുക്കാൻ പിടിക്കുന്നതാകട്ടെ 15 വർഷമായി ഓട്ടോ ഓടിക്കുന്ന ബാബു പാടഞ്ചേരിയാണ്. ദിവസവും മോരുവെള്ളം നൽകുന്നതിന് പണം നൽകുന്നതും ഡ്രൈവർമാരാണ്. ദിവസവും 80 രൂപയാണ് നൽകേണ്ടത്. ബാക്കിയുള്ള ചെലവെല്ലാം ബാബു വഹിക്കും. ദിവസവും മൂന്ന് പാക്കറ്റ് തൈരുകൊണ്ടാണ് മോര് തയാറാക്കുക.
രാവിലെ 10ന് മുമ്പേ, അതായത് വെയിൽ പരക്കുന്നതോടെ ആദ്യത്തെ മോരുവെള്ളം റെഡിയാകും. യാത്രക്കാരടക്കമുള്ളവർ ദാഹമകറ്റുന്നതിനനുസരിച്ച് മോര് നിറക്കും. രാത്രി 10 മണിവരെ മോരുണ്ടാവും. രാത്രി മോര് നിറച്ച മൺകൂജ വീട്ടിലേക്ക് കൊണ്ടുപോകും. യാത്രക്കാരുടെ സുരക്ഷിതത്വവും നോക്കണമല്ലോ -ബാബു പറയുന്നു. മോര് കുലുക്കിയെടുക്കാനുള്ള സംവിധാനവും ടാപ്പുമുള്ളതാണ് സംഭരണി. എടരിക്കോട് വില്ലേജ് ഓഫിസിന് സമീപത്തെ വാടക വീട്ടിൽനിന്നാണ് ഇതെല്ലാം പാകം ചെയ്യുന്നത്. ഭാര്യ ബിന്ദുവും മക്കളായ വിഷ്ണുവും വൈഷ്ണവും സഹായത്തിനുണ്ടാകും.
ഒരു മാസമായി തുടരുന്ന പദ്ധതിക്ക് സ്റ്റാൻഡിലെ നാൽപതോളം ഡ്രൈവർമാരും കട്ടക്ക് സപ്പോർട്ടുണ്ട്. പദ്ധതി വിജയിച്ചതോടെ സമീപത്തെ കച്ചവടക്കാരും ഓരോ ദിവസവും സ്പോൺസർ ചെയ്യാൻ രംഗത്തെത്തിക്കഴിഞ്ഞു. ചങ്കുവെട്ടിയിലെ ഇതര സ്റ്റോപ്പുകളിൽ കുടിവെള്ള ടാങ്ക് വാങ്ങി വെക്കാനുള്ള തയാറെടുപ്പിലാണ് ഈ ഡ്രൈവർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

