ആതിര തനിച്ചല്ല, ചേർത്തുപിടിക്കാൻ നാടൊരുങ്ങുന്നു
text_fieldsപറപ്പൂരിലെ ആതിരയുടെ വീട് സന്ദർശിച്ച വാർഡ് അംഗം
ടി.ഇ. സുലൈമാനും നാട്ടുകാരും
കോട്ടക്കൽ: ചോർന്നൊലിക്കുന്ന വീട്ടിൽ അസുഖബാധിതരായ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് കഴിയുന്ന ആതിരയുടെ വീടെന്ന സ്വപ്നത്തിന് കൈകോർത്ത് സുമനസ്സുകൾ. വീടിെൻറ മേൽക്കൂര തകർന്നതിനെ തുടർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വീട്ടിൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിെൻറ പ്രതീക്ഷകൾക്ക് ചിറക് മുളക്കുകയാണ്.
പറപ്പൂർ പഞ്ചായത്തിലെ മൂന്നംഗ കുടുംബത്തിെൻറ ദുരിതത്തെക്കുറിച്ച് വ്യാഴാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി എത്തിയത്. തുടർ നടപടികളുടെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് 12ാം വാർഡ് അംഗം ടി.ഇ. സുലൈമാൻ, അബ്ദുൽ കരീം എൻജിനീയർ, മുഹമ്മദ് ബഷീർ വലിയാട്ട്, എം.സി. മുഹമ്മദ് കുട്ടി, പഞ്ചിളി മൊയ്തീൻ, ഷാക്കിർ ആലങ്ങാടൻ എന്നിവർ വീട് സന്ദർശിച്ചു. ആതിരയുടെ അച്ഛൻ വേലായുധൻ, അമ്മ ലീല എന്നിവരുമായി ഇവർ സംസാരിച്ചു. നാട്ടുകാരെയും സഹായം നൽകാൻ താൽപര്യമുള്ളവരെയും ഉൾപ്പെടുത്തി വീട് നിർമിക്കാൻ കുടുംബത്തിെൻറ പേരിൽ സഹായ സമിതി രൂപവത്കരിക്കാനാണ് തീരുമാനം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ 80 കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ അലുംനി അസോസിയേഷൻ 'സപ്പോർട്ട് ആതിര'യെന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ സഹായമഭ്യർഥിച്ചു കഴിഞ്ഞു. ആതിരയുടെ സുഹൃത്തുക്കളും കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവും സുഹൃത്തുക്കളും ശനിയാഴ്ച രാവിലെ പത്തിന് ഇവരുടെ വീട് സന്ദർശിക്കും.
20 വർഷം മുമ്പ് വേലായുധൻ കിഴക്കേകുണ്ടിൽ വാങ്ങിയ വീടാണ് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ശക്തമായ കാറ്റും മഴയും വന്നാൽ കുടുംബം പെരുവഴിയിലാകുന്ന സ്ഥിതിയാണ്. നിത്യരോഗിയാണ് വേലായുധൻ. ഭാര്യ ലീല വീടുകളിൽ ജോലി ചെയ്താണ് കുടുംബം നോക്കുന്നതും എം.എ ഇംഗ്ലീഷ് വിദ്യാർഥിനിയായ ആതിരയുടെ പഠനത്തിന് പണം കണ്ടെത്തുന്നതും.