വിദ്യാര്‍ഥിനിയുടെ സ്വർണാഭരണം കവര്‍ന്ന യുവാവ് പിടിയില്‍
text_fieldsഉമ്മര്‍
കൊണ്ടോട്ടി: യു.കെ.ജി വിദ്യാര്‍ഥിനിയുടെ സ്വർണാഭരണം കവര്‍ന്ന കേസിലെ പ്രതിയെ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും ദിവസങ്ങള്‍ക്കകം പിടികൂടി കൊണ്ടോട്ടി പൊലീസ്. അരിമ്പ്ര പൂതനപ്പറമ്പ് പള്ളിയാളി സൈതലവിയുടെ മകളുടെ കൈത്തണ്ടയില്‍ നിന്ന് അര പവന് വള മോഷ്ടിച്ച കേസില്‍ അരിമ്പ്ര പൂതനപ്പറമ്പ് തോരക്കാട്ട് ഉമ്മറാണ് (36) അറസ്റ്റിലായത്. പ്രതി വിറ്റ സ്വർണ വളയും കണ്ടെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് പൂതനപ്പറമ്പിലായിരുന്നു സംഭവം. സ്കൂള്‍ ബസില്‍ പതിവായി പോകുന്ന കുട്ടികളുടെ സ്വർണാഭരണങ്ങള്‍ പ്രതി നേരത്തെ നോട്ടമിട്ടിരുന്നു. സംഭവ ദിവസം സ്കൂളില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ വഴിക്ക് കുറുകെയുള്ള വാഴത്തോട്ടത്തിലൂടെ മുഖം മറച്ചെത്തിയ ഭയപ്പെടുത്തിയ പ്രതി ഒരു കുട്ടിയുടെ കൈയിൽ നിന്ന് സ്വർണ വള ബലമായി ഊരിയെടുക്കുകയായിരുന്നു.
കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് മുഖം തുണി കൊണ്ട് മറച്ചയാളാണ് വള തട്ടിയെടുത്തതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കറുത്ത വസ്ത്രം ധരിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വെള്ള ഷര്‍ട്ട് ധരിച്ചൊരാള്‍ കുട്ടികള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
കുട്ടികളുടെ മുന്നിലേക്ക് പ്രതി എടുത്ത് ചാടുന്ന അവ്യക്ത ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിച്ചതില്‍ ധരിച്ചിരുന്ന വസ്ത്രത്തിനടിയിൽ വെള്ള നിറത്തിലുള്ള ഭാഗം കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുമ്പായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിയുകയും ഇയാള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതായും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു.
കാവനൂരിലെ ഒരു സ്ഥാപനത്തില്‍ വിറ്റ വളയും ഇതില്‍ നിന്ന് ലഭിച്ച് ഇയാള്‍ ചെലവഴിച്ച പണവും പൊലീസ് സംഘം കണ്ടെത്തി. കൃത്യം നടത്താനായി ധരിച്ചിരുന്ന വെള്ളഷർട്ടിന് മുകളിലൂടെ ജോലിക്ക് ഉപയോഗിക്കുന്ന കറുത്ത ടീ ഷര്‍ട്ട് ധരിക്കുകയായിരുന്നെന്ന് ഉമ്മര്‍ മൊഴി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി കാമറകളെ കുറിച്ച് ബോധ്യമുള്ള പ്രതി ബുദ്ധിപരമായാണ് കവര്‍ച്ച നടത്തിയതെങ്കിലും ചാടുന്നിതിനിടെ ടീ ഷര്‍ട്ട് പൊങ്ങിപ്പോയതാണ് പൊലീസിന് തുമ്പായത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്.ഐ ഹരിദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, അബ്ദുല്ല ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

