കള്ളക്കടത്ത് സ്വര്‍ണം കവരാൻ ശ്രമിച്ച കേസിൽ മൂന്നുപേർകൂടി പിടിയില്‍
text_fieldsനൗഷാദ്, ഷാജഹാന്, അബ്ദുല്‍ സലാം
കൊണ്ടോട്ടി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമക്ക് ലഭിക്കുന്നതിനു മുമ്പ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേർകൂടി പിടിയിലായി. സംഘത്തലവന് കോഴിക്കോട് വടകര സ്വദേശി വിശാലിക്കരയന്റവിടെ വീട്ടില്‍ നൗഷാദ് (35) എന്ന ഡിങ്കന് നൗഷാദ്, കിണാശേരി സ്വദേശി അയലോട്ട്പാടം ഷാജഹാന് (23), കല്ലായി സ്വദേശി നടയാലത്ത് പറമ്പ് അബ്ദുല്‍ സലാം എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ 22ന് ദുബൈയില്‍നിന്നെത്തിയ വയനാട് സ്വദേശിനി ഡീന വത്സന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണം ഡീനയുടെ സഹായത്തോടെ കവരാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘത്തെ കോഴിക്കോട് സിറ്റി സ്ക്വാഡിന്റെ സഹായത്തോടെ കിണാശ്ശേരിയില്‍നിന്ന് കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിടികൂടിയത്. കേസില്‍ ഡീനയെയും കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ജംനാസ്, മുഹമ്മദ് സഹദ്, ഷഹീര്‍ എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംഭവദിവസം രക്ഷപ്പെട്ട നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പിടിയിലായവരെ ചോദ്യംചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെക്കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിയിലായ നൗഷാദ് വധശ്രമം ഉള്‍പ്പെടെ 10ഓളം കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് ഭാഗത്ത് ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. നാല് കേസുകളില്‍ ഇയാള്‍ക്കെതിരെ വാറന്റും നിലവിലുണ്ട്. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡി, കരിപ്പൂര്‍ ഇൻസ്പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.