പച്ചക്കറി വിപണിയിൽ വിലക്കയറ്റം രൂക്ഷം
text_fieldsകൊണ്ടോട്ടി: ഇന്ധന വിലവര്‍ധനവും കാര്ഷികോൽപാദന രംഗത്തെ അധികരിച്ച ചെലവും മലയാളികളുടെ ജീവിതം താളംതെറ്റിക്കുന്നു. പച്ചക്കറി വിപണിയിലാണ് വിലക്കയറ്റം രൂക്ഷം. അവശ്യ പച്ചക്കറികള്‍പോലും കിട്ടാത്ത അവസ്ഥയാണെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വന്‍ വിലയ്ക്ക് വില്‍ക്കേണ്ടെ ഗതികേടിലാണ് വ്യാപാരികള്‍. ഇത് വില്പനയെ ഗണ്യമായി തളര്‍ത്തുകയാണ്.
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി തുടങ്ങിയവക്കാണ് വലിയ തോതില്‍ വില ഉയര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പ് കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്ന ഇഞ്ചിക്ക് നിലവിൽ 200 രൂപയാണ്. പച്ചമുളക് വില കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 60 രൂപയായി ഉയര്‍ന്നു. 50 രൂപ ഉണ്ടായിരുന്ന ബീന്‍സിന് 80 രൂപയായി. വെള്ളരി വില 14 രൂപയില്‍നിന്ന് 20ലെത്തി. 80 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 120 രൂപയാണ്. തക്കാളി വില 12 രൂപയില്‍നിന്ന് 16ലേക്ക് ഉയര്‍ന്നു.
സംസ്ഥാനത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കൂടുതൽ പച്ചക്കറികള്‍ എത്തുന്നത് തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നുമാണ്. എന്നാല്‍, നിലവിൽ ആവശ്യത്തിന് ആനുപാതികമായ വിഭവങ്ങള്‍ വിപണിയില്‍ എത്തുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. വേനല്‍ മഴയില്‍ പ്രാദേശിക കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിപണിയെ തളര്‍ത്താനും വിലവര്‍ധനവിനും കാരണമായി.
ഇടത്തട്ടുകാരുടെയും മൊത്തവിതരണക്കാരുടെയും ലാഭവിഹിതം കഴിഞ്ഞാല്‍ തുച്ഛ ലാഭത്തിനാണ് ചില്ലറ വ്യാപാരികള്‍ വില്പന നടത്തുന്നത്. ഇതിനിടയില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ക്ഷാമം രൂക്ഷമായതോടെ നിലനില്‍പ്പില്ലാത്ത അവസ്ഥയിലാണ് പച്ചക്കറി വിപണി.