വിമാനത്താവള വികസനത്തോടെ ഇല്ലാതാകുന്ന ക്രോസ് റോഡിന് പകരം റോഡ്; ഈ ആഴ്ച അന്തിമ രൂപമാകും
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയുടെ സുരക്ഷ മേഖലയായ ‘റെസ’വിപുലീകരിക്കുന്നതോടെ ഇല്ലാതാകുന്ന ക്രോസ് റോഡിന് പകരം റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ഈ ആഴ്ച അന്തിമ രൂപമാകും. പുതിയ റോഡിനാവശ്യമായ സ്ഥലം സംബന്ധിച്ച് വിമാനത്താവള അതോറിറ്റി സര്‍വെ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് ധാരണയാകുക. പരിശോധന ഈ ആഴ്ചതന്നെയുണ്ടാകുമെന്നാണ് വിവരം.
പുതിയ റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലം കഴിഞ്ഞയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വെ വിഭാഗമുള്‍പ്പെടെയുള്ള വകുപ്പുദ്യോഗസ്ഥര്‍ അളന്നിരുന്നു. ക്രോസ് റോഡ് അടഞ്ഞാലും അവശേഷിക്കുന്ന മൂന്ന് മീറ്റര്‍ വീതിയിലുള്ള കോട്ട പാലക്കുടത്ത് മുഹമ്മദ് സ്മാരക നഗരസഭ കോണ്‍ക്രീറ്റ് റോഡ് കൂടി ഉപയോഗപ്പെടുത്തി പാലക്കാപ്പറമ്പ് പിലാത്തോട്ടം മുതല്‍ ചിറയിലിലെ കോട്ടപ്പറമ്പ് വരെ എട്ട് മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന വിധമാണ് പരിശോധന നടന്നത്. ഇതിന് വിമാനത്താവള ഭൂമികൂടി ലഭ്യമാകേണ്ടിവരും.
നഗരസഭാ റോഡ് വീതി കൂട്ടുന്നതിനും കോട്ടപ്പറമ്പ് ഭാഗത്തേക്ക് പുതിയ റോഡ് നിര്‍മിക്കുന്നതിനും സ്വകാര്യ ഭൂവുടമകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ അളവെടുപ്പ് നടന്നതനുസരിച്ച് എട്ട് വീടുകള്‍ ബദല്‍ റോഡ് നിര്‍മിക്കുമ്പോള്‍ നഷ്ടമാകും. ഇക്കാര്യത്തില്‍ സ്കെച്ച് തയ്യാറാക്കുന്നതോടെ മാത്രമെ വ്യക്തമായ വിവരം ലഭിക്കൂ. വിമാനത്താവള അതോറിറ്റി സര്‍വെ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാകും സ്കെച്ച് തയ്യാറാക്കുക.
ക്രോസ് റോഡിന് പകരം റോഡൊരുക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പുതിയ പാത സ്ബന്ധിച്ച് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയത്. വഴിയില്ലാതാകുന്ന കുടുംബങ്ങള്‍ക്ക് യാത്രാ മാര്ഗമാരുക്കുന്നതില് വിമാനത്താവള അതോറിറ്റിക്കും അനുകൂല സമീപനമാണുള്ളത്.
പുതിയ പാത വരുന്നതോടെ നഗരസഭയിലെ 28, 30 വാര്‍ഡുകളിലായി 30 ഓളം കുടുംബങ്ങളുടെ വഴി പ്രശ്നത്തിന് പരിഹാരമാകും. ചിറയില്‍ എ.എം.യു.പി സ്കൂള്‍, മണ്ണാരില്‍ എ.എം.എല്‍.പി സ്കൂള്‍, കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ഇരു ഭാഗത്തെ വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയും ഇല്ലാതാകും.