രാമനാട്ടുകര സ്വർണക്കടത്ത്; നാല് പ്രതികളുമായി തെളിവെടുത്തു
text_fieldsപൊലീസ് പ്രതികളുമായി തെളിവെടുപ്പിനെത്തിയപ്പോൾ. കസ്റ്റഡിയിലെടുത്ത ലോറിയും കാണാം
മഞ്ചേരി/കൊണ്ടോട്ടി: രാമനാട്ടുകര സ്വർണക്കടത്ത് സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), പിലാവുള്ളതിൽ മുഹമ്മദ് ബഷീർ (39), കുണ്ടത്തിൽ ഷംസുദ്ദീൻ (35), താമരശ്ശേരി അമയത്തംചാലിൽ അബ്ദുൽ നാസർ എന്ന ബാബു (36) എന്നിവരെയാണ് മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. നീതു മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇവരുമായി കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ താമരശ്ശേരി, കൊടുവള്ളി, കൂടത്തായി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
സംഭവദിവസം സ്വർണക്കടത്ത് സംഘങ്ങളെ നേരിടാൻ ക്വട്ടേഷൻ സംഘങ്ങൾ വിമാനത്താവള പരിസരത്ത് ടിപ്പർ ലോറി എത്തിച്ചിരുന്നു. ഈ ലോറി കൂടത്തായിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ന് ലോറി ഓടിച്ചിരുന്നത് അബ്ദുൽ നാസറായിരുന്നു. വലിയ മുന്നൊരുക്കത്തോെടയാണ് ക്വട്ടേഷൻ സംഘം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21ന് കരിപ്പൂരിലെത്തിയത്.
സ്വർണം വിദേശത്തുനിന്ന് കടത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു. േകസിൽ ഇതുവരെ 18 പേരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെതിരെ കേസിലെ ഒമ്പത് പ്രതികൾ സമർപ്പിച്ച ജാമ്യഹരജിയിൽ ജില്ല കോടതി വ്യാഴാഴ്ച വാദം കേൾക്കും.