ഒമാനിൽനിന്ന് പറന്ന് പോളിങ് ബൂത്തിൽ ലാൻഡ് ചെയ്ത് റാഫിയും ശരീഫും
text_fields1. ഒമാനിൽനിന്ന് കരിപ്പൂരിലിറങ്ങി വൈകീട്ട് 5.15ന് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്ത പറപ്പൂർ ആലച്ചുള്ളിയിലെ മുഹമ്മദ് ഷരീഫ് 2. ഒമാനിൽനിന്ന് മുതുവല്ലൂർ തനിയംപുറം മർക്കസുൽ ഉലൂം മദ്റസയിൽ വോട്ടുചെയ്യാനെത്തിയ മുഹമ്മദ് റാഫി
കൊണ്ടോട്ടി/വേങ്ങര: പ്രവാസലോകത്തുനിന്ന് വോട്ടുദിനത്തിൽ പറന്നെത്തി പി.പി.ഇ കിറ്റുമായി േനരെ ബൂത്തിലെത്തി വോട്ട് ചെയ്തത് രണ്ടുപേർ. മുതുവല്ലൂർ സ്വദേശി ടി.കെ. മുഹമ്മദ് റാഫി, പറപ്പൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങോടൻ മുഹമ്മദ് ശരീഫ് എന്നിവരാണ് വോട്ടെടുപ്പ് ദിവസം ഒമാനിൽനിന്ന് എത്തിയത്.
മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10 ബൂത്ത് ഒന്നിലെ വോട്ടാറായ ടി.കെ. മുഹമ്മദ് റാഫി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 3.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. പി.പി.ഇ കിറ്റിൽ പുറത്തെത്തി നേരെ പോയത് പോളിങ് ബൂത്തായ തനിയംപുറം മർക്കസുൽ ഉലൂം മദ്റസയിലേക്ക്. പ്രിസൈഡിങ് ഓഫിസർ ബേബിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചു.
മുസ്ലിം ലീഗ് പ്രവർത്തകനാണ് റാഫി. പറപ്പൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് പൊട്ടിപ്പാറയിലെ രണ്ടാം ബൂത്തിൽ 176ാം നമ്പർ വോട്ടറായ പെരിങ്ങോടൻ മുഹമ്മദ് ശരീഫാണ് ഒമാനിൽനിന്ന് എത്തിയ രണ്ടാമൻ. ആലച്ചുള്ളിയിലെ മദ്റസത്തുൽ മആരിഫിസ്സുന്നിയയിലെ ബൂത്തിലെത്തിയപ്പോൾ സമയം 5.15. വോട്ടെന്ന സ്വപ്നവുമായി നാട്ടിലെത്തി അവസാന മണിക്കൂറിൽ വോട്ട് ചെയ്യാനായതിെൻറ ആഹ്ലാദത്തിലാണ് ശരീഫ്.