പരിമിതികൾ മറന്ന് രോഗികളെ സഹായിക്കാന്‍ ആഷിഫ് വീല്‍ചെയറിലെത്തി
text_fieldsപാലിയേറ്റിവ് ദിനത്തില്‍ വിഭവ സമാഹരണത്തില്‍ ഏര്‍പ്പെട്ട മുഹമ്മദ് ആഷിഫ്
കൊണ്ടോട്ടി: സ്വന്തം പരിമിതികള്‍ മറന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പാലിയേറ്റിവ് ദിനത്തില്‍ രംഗത്തിറങ്ങിയ മുഹമ്മദ് ആഷിഫ് മാതൃകയായി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആഷിഫ്. സമൂഹ മാധ്യമങ്ങൾ വഴി പാലിയേറ്റിവ് കെയര്‍ ക്ലിനിക്കുകള്‍ക്ക് പണം സ്വരൂപിക്കുന്ന വിവരമറിഞ്ഞ ആഷിഫ് പാലിയേറ്റിവ് വളന്റിയര്‍മാരുമായി ബന്ധപ്പെട്ടാണ് സഹപാഠികള്‍ക്കൊപ്പം വിഭവശേഖരണത്തിനെത്തിയത്.
ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച ആസിഫ് വീല്‍ചെയറിലാണ് സ്കൂളിലെത്തുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ജില്ല - സംസ്ഥാന മേളകളില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ ഈ മിടുക്കന് നേടിയിട്ടുണ്ട്. കൂട്ടുകാരനും സഹപാഠിയുമായ നിഹാലിനെയും കൂടെ കുട്ടി ഗ്രാമത്തിലൂടെയും അങ്ങാടികളിലൂടെയും വീല്‍ചെയറില്‍ ഇരുന്ന് കൊണ്ട് പണം സ്വരൂപിച്ചു. അയ്യായിരത്തോളം രൂപ പാലിയേറ്റിവ് ക്ലിനിക്കിന് കൈമാറി. പ്രഥമാധ്യാപകന് പി.കെ. അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാർഥികളും ആഷിഫിനെ അനുമോദിച്ചു. പാലിയേറ്റിവ് പ്രവര്‍ത്തകരായ മഠത്തില്‍ അബൂബക്കര്‍, ജാഫര്‍ കൊടവണ്ടി, അബ്ദുല്‍ മജീദ്, മുസ്തഫ മുണ്ടപ്പലം എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങി.