ഐക്കരപ്പടി കണ്ണംവെട്ടിക്കാവിലെ എം.ഡി.എം.എ വേട്ട; ഒളിവിലായിരുന്ന ഏഴാം പ്രതിയും അറസ്റ്റില്‍
text_fieldsഅക്ഷയ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് കണ്ണംവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ടുനിന്ന് 153 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ഏഴാം പ്രതി കോഴിക്കോട് കുതിരവട്ടം പൊറ്റമ്മേല്‍ കാട്ടുകുളങ്ങര അടംപാട്ട് മീത്തല്‍ അക്ഷയിയെ (28) അന്വേഷണ സംഘം കൊണ്ടോട്ടിയില്‍നിന്ന് അറസ്റ്റ് ചെയ്തു.
സംഘത്തിലുണ്ടായിരുന്ന മറ്റ് ആറുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായി. മയക്കുമരുന്ന് സംഘത്തില്‍നിന്ന് 153 ഗ്രാം എം.ഡി.എം.എക്ക് പുറമെ അരലക്ഷം രൂപയും ലഹരി വസ്തു തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും. രണ്ടു കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. ഏഴംഗ സംഘത്തില്‍ ഒരു കാറിലുണ്ടായിരുന്ന നാലുപേരെയാണ് പൊലീസ് സംഘത്തിന് അന്ന് പിടികൂടാനായത്.
മറ്റൊരു കാറിലായിരുന്ന മൂന്നുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഇതില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ അക്ഷയ്. മറ്റ് രണ്ടുപേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം പിടികൂടിയെങ്കിലും അക്ഷയ് ഒളിവില്‍ തുടരുകയായിരുന്നു. അന്വേഷണ സംഘം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഇയാളെ പിടികൂടാനായതെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു.
അറസ്റ്റിലായ അക്ഷയ് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കളവ് കേസും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

