കോട്ടാശ്ശേരി ഗവ. ഹോമിയോ ആശുപത്രി; ഒറ്റമുറിയിൽനിന്ന് മോചനം
text_fieldsനെടിയിരുപ്പ് കോട്ടാശ്ശേരി ഗവ. ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്ന വയോധിക വിശ്രമകേന്ദ്രം
കൊണ്ടോട്ടി: നെടിയിരുപ്പിലെ വയോധിക വിശ്രമകേന്ദ്രത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന കോട്ടാശ്ശേരി ഗവ. ഹോമിയോ ആശുപത്രിക്ക് പതിറ്റാണ്ടുകള്‍ക്കുശേഷം മോചനത്തിന് വഴിയൊരുങ്ങുന്നു. ആതുരാലയത്തിന് സ്വന്തം കെട്ടിടം നിർമിക്കാന്‍ ബിനോയ് വിശ്വം എം.പി തുക അനുവദിച്ചു. ആസ്തി വികസന ഫണ്ടില്‍നിന്ന് 85 ലക്ഷം രൂപയാണ് അനുവദിച്ചത്. നെടിയിരുപ്പ് പട്ടികജാതി സഹകരണ സംഘം സൗജന്യമായി നല്കിയ അഞ്ച് സെന്റിലാണ് കെട്ടിടം നിർമിക്കുക.
ഇതിന്റെ ടെൻഡര്‍ നടപടി പൂര്‍ത്തിയായി. ഹോമിയോ വകുപ്പിന്റേയും പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റേയും സംയുക്ത സംരംഭമായി കോട്ടാശ്ശേരി കോളനിയില്‍ ആരംഭിച്ച ഹോമിയോ ആശുപത്രി ഇവിടുത്തെ വയോധിക വിശ്രമ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആതുരാലയത്തിന് സ്വന്തം കെട്ടിടം നിർമിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന ഹോമിയോ ആശുപത്രിയെ ജനപ്രതിനിധികള്‍ നിരന്തരം തഴയുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.
മതേതര വികസന മുന്നണി നഗരസഭ ഭരിച്ചിരുന്ന സമയത്ത് സി.പി.ഐ നെടിയിരിപ്പ് ലോക്കല്‍ കമ്മിറ്റിയും കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് നല്കിയ ഹരജികളുടെ അടിസ്ഥാനത്തിലാണ് ബിനോയ് വിശ്വം എം.പി ആശുപത്രിക്ക് 89 ലക്ഷം രൂപ അനുവദിച്ചത്. ഇതില്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച 35 ലക്ഷം എം.പിമാരുടെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ ലഭ്യമായില്ല. തുടര്‍ന്ന് വീണ്ടും അനുവദിക്കുകയായിരുന്നു. കെട്ടിട നിർമാണം പൂര്‍ത്തിയാക്കിയ ശേഷം വൈദ്യുതീകരണത്തിനായി നാല് ലക്ഷം രൂപ കൂടി ലഭ്യമാക്കും. ഇതിന് നടപടി പുരോഗമിക്കുകയാണ്.