കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനം അനിശ്ചിതത്വത്തില്‍
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം അനിശ്ചിതത്വത്തില്‍. അടിസ്ഥാന സൗകര്യങ്ങളും മികച്ച ചികിത്സയും ഉറപ്പാക്കുന്നതിന് കിഫ്ബി ഫണ്ടില്‍നിന്ന് 44 കോടി രൂപ സര്‍ക്കാര്‍ ആതുരാലയത്തിന് അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ആശുപത്രിയിലേക്കുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ ആവശ്യമായ സ്ഥലം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ആരംഭിക്കാന്‍ പ്രവേശന പാതയുടെ വീതി 10 മീറ്ററാക്കി ഉയര്‍ത്തണം. ആതുരാലയത്തിലേക്കുള്ള പഴയങ്ങാടി - ബ്ലോക്ക് ഓഫിസ് റോഡ് വീതികൂട്ടാനുള്ള നടപടികള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 24ന് തുടക്കമായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. എന്നാല്‍ തദ്ദേശീയരുടെ എതിര്‍പ്പു കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി.
ആശുപത്രി വികസനത്തിനായി അനുവദിച്ച 44 കോടിയില്‍ ഒന്നാംഘട്ടത്തില്‍ 36 കോടിയാണ് ലഭ്യമാക്കിയിരിക്കുന്നത്. റോഡ് വീതികൂട്ടിയശേഷം ഈ തുക ഉപയോഗിച്ച് കെട്ടിട നിര്‍മാണ പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനം.
ഇതിനിടെ റോഡിനായി സ്ഥലം നഷ്ടമാകുന്നവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലക്കെടുത്തില്ലെന്നാരോപിച്ച് തദ്ദേശീയര്‍ രൂപവത്കരിച്ച സമര സമിതി രംഗത്തെത്തുകയായിരുന്നു. നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീര്‍പ്പാകാതെ സ്ഥലം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് സമരസമിതി.
സ്ഥലം വിട്ടുനല്‍കാന്‍ തയാറല്ലാത്തവരുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചര്‍ച്ച നടത്തി റോഡ് വികസനത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിലും അനിവാര്യമായ വേഗത കൈവന്നിട്ടില്ല. ഇതോടെ ഫണ്ടുണ്ടായിട്ടും ആശുപത്രി വികസനം സാധ്യമാകാത്ത നിലയാണ് ഉണ്ടായിരിക്കുന്നത്.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും പഴയ ബ്ലോക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ആതുരാലയത്തിലുള്ളത്. ആധുനിക രീതിയിലുള്ള കെട്ടിടത്തിനൊപ്പം കൂടുതല്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള അവസരവും ഇതോടെ അനന്തമായി നീളുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് ആതുരാലയ വികസനം ഉടന്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്.