കരിപ്പൂരിൽ 82 ലക്ഷത്തിെൻറ സ്വർണവും സിഗരറ്റും പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണവും സിഗരറ്റും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 82 ലക്ഷത്തിെൻറ സ്വർണവും സിഗരറ്റും പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് യൂനിറ്റാണ് അഞ്ചു യാത്രക്കാരിൽനിന്നായി 1559 ഗ്രാം സ്വർണവും 11,000 സിഗരറ്റുകളും പിടിച്ചെടുത്തത്.
സ്വർണത്തിന് 81 ലക്ഷവും സിഗരറ്റിന് ഒരുലക്ഷം രൂപയുമാണ് വില. ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം സ്വദേശി അനൂപിൽനിന്ന് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണവും ഇതേ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മജീദ് അബ്ദുൽ ഖാദറിൽനിന്ന് 175 ഗ്രാം സ്വർണവും 5000 സിഗരറ്റും പിടികൂടി. ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റിലെത്തിയ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസിൽനിന്ന് വസ്ത്രത്തിനുള്ളിൽ കടത്താൻശ്രമിച്ച 215 ഗ്രാം സ്വർണവും ബാഗേജിൽ ഒളിപ്പിച്ച 6000 നിരോധിത സിഗരറ്റും പിടിച്ചെടുത്തു.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അരീഫിൽനിന്ന് 232 ഗ്രാമും കാസർകോട് പെരിയ സ്വദേശിയായ അബ്ബാസ് അറഫാത്തിൽനിന്ന് 198 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, എം. പ്രകാശ്, രാധ വിജയരാഘവൻ, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ പ്രേണയ് കുമാർ, അഭിലാഷ്, സൗരഭ്, സുമിത് നെഹ്റ, ജി. അരവിന്ദ്, ഹെഡ് ഹവീൽദാർ അബ്ദുൽ ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

