നൂറ്റാണ്ട് പിന്നിട്ടിട്ടും വാടക കെട്ടിടത്തില്‍നിന്ന് മോചനമില്ലാതെ നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂള്‍
text_fieldsവാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂള്‍
കൊണ്ടോട്ടി: ചരിത്ര പ്രസിദ്ധമായ നെടിയിരുപ്പ് വില്ലേജിലെ ആദ്യകാലങ്ങളിലൊന്നായ നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂളിന് പ്രവര്‍ത്തനം തുടങ്ങി 111 വര്‍ഷം പിന്നിട്ടിട്ടും സ്വന്തം കെട്ടിടം സ്വപ്‌നമായി അവശേഷിക്കുന്നു. ചാരംകുത്തുള്ള സ്വകാര്യ സ്ഥലത്തി വാടക കെട്ടിടത്തിലാണ് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. 200ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിന് സ്വന്തം സ്ഥലവും കെട്ടിടവും ഒരുക്കണമെന്ന ആവശ്യം ഭരണകൂടത്തിന്റെയും നഗരസഭയിലെ ഏതാനും ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ അകാരണമായി നീളുകയാണെന്ന് സ്‌കൂള്‍ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കാലപ്പഴക്കത്താല്‍ ശോച്യമായ കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന് അടിസ്ഥാന സൗകര്യങ്ങളും സ്വന്തം കെട്ടിടവുമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ 2021 മുതല്‍ സ്‌കൂള്‍ വികസന സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരുകയാണ്. വിദ്യാലയത്തിനായി നിലവിലെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. എന്നാല്‍, സ്ഥലം ഏറ്റെടുക്കുന്നതിന് ഫണ്ടില്ലെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഈ ആവശ്യം അവഗണിക്കുകയാണ്.
നിലവിലെ സ്ഥലത്തില്‍നിന്ന് 15 സെന്റ് സ്ഥലം ഭൂവുടമ വിദ്യാലയത്തിന് സൗജന്യമായി വിട്ടുനല്‍കാമെന്നറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 35 സെന്റ് സ്ഥലം വാങ്ങാനാണ് വികസന സമിതി ലക്ഷ്യമിടുന്നത്. ഇതിന് കണക്കാക്കുന്ന 97,50,000 രൂപയില്‍ 72,50,000 രൂപ സ്വരൂപിക്കാന്‍ വികസന സമിതിക്ക് കഴിഞ്ഞു. കൊണ്ടോട്ടി നഗരസഭ സ്ഥലം വാങ്ങുന്നതിലേക്ക് 25 ലക്ഷം രൂപ വകയിരുത്തുകയും കൗണ്‍സില്‍ സ്‌കൂളിന് വേണ്ടി സ്ഥലം ഏറ്റെടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സ്ഥലം രജിസ്‌ട്രേഷന് ആവശ്യമായ എല്ലാ രേഖകളും വികസന സമിതി നഗരസഭയില്‍ ഹാജരാക്കിയിട്ടുണ്ട്.
എന്നാല്‍, കൗണ്‍സില്‍ അംഗീകരിച്ച 25 ലക്ഷം രൂപ നല്‍കുന്നത് നഗരസഭ സെക്രട്ടറി അകാരണമായി വൈകിപ്പിക്കുകയാണെന്ന് സ്‌കൂള്‍ വികസന സമിതി ഭാരവാഹികള്‍ ആരോപിച്ചു. നാട്ടിലെ കുട്ടികള്‍ക്ക് നല്ല സാഹചര്യത്തില്‍ ഇരുന്ന പഠിക്കാനുള്ള നാട്ടുകാരുടെ ഉദ്യമത്തിന് തുരങ്കം വെക്കുന്ന സമീപനം തിരുത്താന്‍ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവര്‍ മുന്നോട്ടുവരണമെന്നും ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥക്ക് പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത സ്‌കൂള്‍ വികസന സമിതി ഭാരവാഹികളായ എം. ദിലീപ്, പി. സുരേഷ്, മുഹമ്മദലി കോട്ട, ഗീതാഭായി ടീച്ചര്‍, പാണ്ടിക്കാടന്‍ കുഞ്ഞ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

