ബാര്‍ ജീവനക്കാരനെ സംഘം ചേര്‍ന്ന് മർദിച്ച സംഭവം; അഞ്ച് പേര്‍ പിടിയില്‍
text_fieldsഅഖില്‍, അഖിലേഷ്, ഷൈജു ദാസ്, സുധീഷ്, പ്രേംജിത്ത്
കൊണ്ടോട്ടി: സ്വകാര്യ ബാര്‍ ജീവനക്കാരനെ സംഘം ചേര്‍ന്ന് മർദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറംഗ സംഘത്തിലെ അഞ്ച് പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി രാജന്‍ (60) ആണ് ക്രൂരമായ മർദനത്തില്‍ പരിക്കേറ്റത്.
മദ്യ ലഹരിയില്‍ ആക്രമണമഴിച്ചുവിട്ട സംഘത്തിലെ ചേലേമ്പ്ര ചക്കുംമാട്കുന്ന് കാളിപ്പറമ്പ് പ്രേംജിത്ത് (32), ചേലേമ്പ്ര പാലേരി കുനിക്കാട്ട് സുധീഷ് (36), പൊന്നാനി നരിപ്പറമ്പ് തോങ്ങാലി ഷൈജുദാസ് (36), കൈതക്കുണ്ട പാലത്തുപടി അഖിലേഷ് (32), കോഴിക്കോട് ഒളവണ്ണ തെക്കേക്കര അഖില്‍ (31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഫെബ്രുവരി രണ്ടിന് കൊണ്ടോട്ടി കുളത്തൂര്‍ ജങ്ഷന് സമീപമുള്ള ബാറിനു മുന്നിൽ രാത്രി 11നു ശേഷമാണ് കേസിനാസ്പദമായ സംഭവം. ബാറിലെത്തിയ ആറംഗ സംഘം സ്ഥാപനമടക്കാനുള്ള സമയമായിട്ടും പിരിഞ്ഞു പോകാതെ പ്രശ്‌നങ്ങളുണ്ടാക്കിയത് ജീവനക്കാര്‍ ചോദ്യം ചെയ്യുകയും സംഘത്തെ ഇറക്കിവിടുകയും ചെയ്തിരുന്നു.
ഇത് വാക്കേറ്റത്തിനും ഇടയാക്കി. പുറത്തിറങ്ങിയ സംഘം ബാര്‍ ജീവനക്കാരെ പുറത്തിറങ്ങുമ്പോള്‍ ആക്രമിക്കാന്‍ ഹോട്ടലിനു പുറത്ത് കുളത്തൂര്‍ ജങ്ഷനില്‍ കാത്തുനില്‍ക്കുകയായിരുന്നെന്നും ആദ്യം പുറത്തിങ്ങിയ രാജനെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ഇരുമ്പ് വടി ഉപയോഗിച്ച് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനിടെ താമസ സ്ഥലത്തേക്ക് ഓടിക്കയറിയ ജീവനക്കാരനെ അവിടെവെച്ചും മര്‍ദ്ദിച്ചു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സംഘം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മര്‍ദ്ദനത്തില്‍ രാജന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വലതു കൈ ഒടിയുകയും ചെയ്തു.
ഇയാളുടെ പരാതിയില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് ഹോട്ടലില്‍നിന്നും സംഘം സഞ്ചരിച്ച ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും തുടരന്വേഷണത്തില്‍ അഞ്ചുപേരെ പിടികൂടുകയുമായിരുന്നു.
കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ അറിയിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

