എന്‍.എസ്.എസ് ക്യാമ്പിൽ ആവേശം പകർന്ന് ദേവിക
text_fieldsകൊണ്ടോട്ടി എക്കാപ്പറമ്പിൽ നടന്ന
ഫാറൂഖ് കോളജ് എന്‍.എസ്.എസ്
സപ്തദിന ക്യാമ്പില്‍ സഹവിദ്യാര്ഥികള്ക്കൊപ്പം ദേവിക
കൊണ്ടോട്ടി: ഏഴു ദിവസങ്ങളിലായി കൊണ്ടോട്ടി എക്കാപ്പറമ്പിൽ നടന്ന ഫാറൂഖ് കോളജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു. ജന്മനാ രണ്ട് കൈകളും ഇല്ലാതെ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായ വിദ്യാര്‍ഥിനി ദേവികയായിരുന്നു ക്യാമ്പിലെ താരം.
നിശ്ചയദാര്‍ഢ്യത്തോടെ പഠന രംഗത്ത് മുന്നേറുന്ന ദേവിക എന്‍.എസ്.എസ് ക്യാമ്പിലും സജീവമായി. ചിത്രകല രംഗത്തും സംഗീത മേഖലയിലും തന്റേതായ ഇടം രേഖപ്പെടുത്തിയ ദേവിക കോളജിലെ ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.
വീട്ടിലെ നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിനില്ക്കാന് തയാറല്ലാത്ത സഹപാഠിയെ മറ്റു വിദ്യാര്‍ഥികളാണ് ക്യാമ്പിലേക്ക് എത്തിച്ചത്. ദേവികയുടെ പങ്കാളിത്തം എക്കാപ്പറമ്പിലെ നാട്ടുകാര്‍ക്കും പ്രചോദനമായി. വിവിധ നാട്ടുനന്മ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നത്.

