വ്യാജരേഖ ചമച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍; സ്ഥാനാര്‍ഥിയുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
text_fieldsകൊണ്ടോട്ടി: വയസ്സ് തിരുത്തി വ്യാജരേഖയുണ്ടാക്കി യുവതിയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടയാള്‍, ഇവരുടെ പിതാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 16ല്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഒ. നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ ലംഘിച്ച് നിശ്ചിത തീയതിയില്‍ 18 വയസ്സ് തികയാത്തയാളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയില്‍ കൃത്രിമം കാണിച്ച് പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിച്ച് പേരുചേര്ത്തെന്നാണ് കേസ്. അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ അറിയിച്ചു.
ഓണ്‍ലൈനായി അപേക്ഷ നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത്. ഈ അപേക്ഷ സമര്‍പ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്. നേരത്തേ മുസ്ലിം യൂത്ത് ലീഗ് പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

