കൊണ്ടോട്ടിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിനശിച്ചു
text_fieldsകൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തിന് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് തീപിടിച്ചപ്പോള്‍
കൊണ്ടോട്ടി: അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ കൊണ്ടോട്ടിയില്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തിന് സമീപമായിരുന്നു സംഭവം. എ.സി റിപ്പയറിങ് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയ കാറുകളില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തു നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണച്ചത്.
പാണ്ടിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ എ.സി റിപ്പയറിങ് ഷോപ്പിനു പിറകുവശത്തെ പാര്‍ക്കിങിൽ നിര്‍ത്തിയിട്ട കാറുകളാണ് കത്തിയത്. വാഹനങ്ങളുടെ എല്ലാ ഭാഗങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. കാരണം വ്യക്തമല്ല. സ്റ്റേഷന് ഓഫിസര്‍ ഇ.കെ. അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ എം. പ്രദീപ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എ.എസ്. പ്രദീപ് കുമാര്‍, കെ.സി. മുഹമ്മദ് ഫാരിസ്, വി. വിപിന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ എം. ഫസലുള്ള, ഹോം ഗാര്‍ഡ് വി. ബൈജു തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

