Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightപോരാട്ടം കനക്കും;...

പോരാട്ടം കനക്കും; യുവതയുടെ വീര്യത്തില്‍

text_fields
bookmark_border
പോരാട്ടം കനക്കും; യുവതയുടെ വീര്യത്തില്‍
cancel
camera_alt

കൊണ്ടോട്ടി മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ടി.​പി. അ​ഷ്‌​റ​ഫ​ലി എ​ട​വ​ണ്ണ​പ്പാ​റ മേ​ഖ​ല​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ക്കൊ​പ്പം, കൊണ്ടോട്ടി മണ്ഡലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡോ. ​പി. ജി​ജി വാ​ഴ​യൂ​രി​ല്‍ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ല്‍

കൊണ്ടോട്ടി: യുവതയുടെ പോരാട്ടവീര്യത്തില്‍ ഭാവി രാഷ്ട്രീയം ചര്‍ച്ചയാകുന്ന കൊണ്ടോട്ടി നിയമസഭ മണ്ഡലത്തില്‍ പ്രചാരണരംഗം ചൂടുപിടിക്കുന്നു. രൂപവത്കൃതമായ കാലം മുതല്‍ മുസ്ലിം ലീഗിന്റെ അതികായരെമാത്രം നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുത്തയച്ച മണ്ഡലം ചരിത്രത്തിലാദ്യമായി യുവതയുടെ മത്സരവീര്യത്തിന് അങ്കത്തട്ടൊരുക്കിയിരിക്കുകയാണ്.

തികച്ചും അപ്രതീക്ഷിതമായി രാഷ്ട്രീയ ഇടപെടലോടെ യുവത്വത്തിന് വഴിമാറിയ മണ്ഡലത്തിൽ യു.ഡി.എഫിനായി പുതുമുഖവും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി. അഷ്‌റഫലിയും എല്‍.ഡി.എഫിനായി മുന്‍ എസ്.എഫ്.ഐ നേതാവും ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗവുമായ ഡോ. പി. ജിജിയുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ ബാനറില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പി ജില്ല അധ്യക്ഷന്‍ കൂടിയായ പി. സുബ്രഹ്‌മണ്യനും എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ ഖാദറും മത്സരരംഗത്ത് സജീവമാണ്.

തികച്ചും അപ്രതീക്ഷിതമായാണ് യു.ഡി.എഫിനായി ലീഗ് സ്ഥാനാര്‍ഥി ടി.പി. അഷ്‌റഫലി എത്തുന്നത്. രണ്ട് തവണ കൊണ്ടോട്ടിയെ പ്രതിനിധാനം ചെയ്ത ടി.വി. ഇബ്രാഹിം മത്സരിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗില്‍നിന്നും മുന്നണിയില്‍നിന്നും വ്യത്യസ്ത സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയില്‍ മുതിര്‍ന്ന നേതാക്കളെ പരീക്ഷിക്കുന്ന പതിവ് തെറ്റിച്ച് യുവതയെ രംഗത്തിറക്കിയത്. ഇത് പുത്തനുണർവാണ് യു.ഡി.എഫ് പാളയത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

അൽപം വൈകിയെങ്കിലും എല്‍.ഡി.എഫും യുവതയുടെ പ്രതീകമായി ഡോ. പി. ജിജിയെയാണ് രംഗത്തിറക്കിയത്. കാലിക്കറ്റ് സർവകലാശാല രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയ ജിജി 2021ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് തന്റെ രണ്ടാമങ്കത്തിന് കൊണ്ടോട്ടിയില്‍ കച്ചകെട്ടുന്നത്.

കൊണ്ടോട്ടി നഗരസഭയും വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, പുളിക്കല്‍, ചീക്കോട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട കൊണ്ടോട്ടി മണ്ഡലത്തില്‍ നിലവില്‍ വാഴയൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് മേല്‍ക്കൈയുള്ളത്. മറ്റിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫാണ് ഭരണത്തില്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫില്‍ ലീഗും കോണ്‍ഗ്രസും വിവിധ കേന്ദ്രങ്ങളില്‍ പ്രാദേശികമായി രൂപപ്പെട്ട തര്‍ക്കങ്ങളും എല്‍.ഡി.എഫില്‍ സി.പി.എം, സി.പി.ഐ കക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും ഒരു പരിധിവരെ പരിഹരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

1957 മുതല്‍ കൊണ്ടോട്ടി മുസ്ലിം ലീഗിന്റെ തട്ടകമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ടി.വി. ഇബ്രാഹിമാണ് കൊണ്ടോട്ടിയെ നയിക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.വി. ഇബ്രാഹിം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 2017 ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍നിന്ന് 25,904 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2011ല്‍ കെ. മുഹമ്മദുണ്ണി ഹാജി 28,149 വോട്ടിന്റെ ഭൂരിപക്ഷവും 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി 39,313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവും നേടി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയെ 17,666 വോട്ടിന് പരാജയപ്പെടുത്തിയാണ് ടി.വി. ഇബ്രാഹിം രണ്ടാമങ്കത്തിലും നിയമസഭയിലെത്തിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 44,987 വോട്ടിന്റെ ലീഡുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് 27,377 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം സംസ്ഥാനത്ത് ഉറപ്പാണ്. അതിന് മികച്ച ജനപിന്തുണയാണ് കൊണ്ടോട്ടിയില്‍ നിന്നുള്ളത്. രാഷ്ട്രീയ പ്രതികൂലാവസ്ഥയിലും മികച്ച വികസന മുന്നേറ്റമാണ് കൊണ്ടോട്ടിയില്‍ പോയകാലത്തുണ്ടായത്. ഭാവിയുടെ കൊണ്ടോട്ടിയെ വാര്‍ത്തെടുക്കാനുള്ള നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ശാസ്ത്രീയ ദിശാബോധം നല്‍കും. ചരിത്ര വിജയമാണ് മണ്ഡലം നല്‍കുന്ന പ്രതീക്ഷ.

ടി.പി. അഷ്‌റഫലി (യു.ഡി.എഫ് സ്ഥാനാർഥി)

10 വര്‍ഷത്തെ ഇടത് സര്‍ക്കാറിന്റെ ജനക്ഷേമ നയം സാധാരണക്കാര്‍ തിരിച്ചറിയുന്നുണ്ട്. അനുകൂല സാഹചര്യത്തില്‍ പോലും നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട നിലവിലെ എം.എല്‍.എക്കെതിരായ വികാരമാണ് മണ്ഡലത്തിലെങ്ങും പ്രതിഫലിക്കുന്നത്. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങൾക്ക് തുടര്‍ച്ച വേണമെന്ന പൊതുചിന്തയും മാറ്റം തേടുന്ന ജനതയുടെ മനസ്സും കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കും.

ഡോ. പി. ജിജി (എൽ.ഡി.എഫ് സ്ഥാനാർഥി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesyouthKerala Assembly Election 2026
News Summary - Assembly Election The struggle will be tough; in the strength of youth
Next Story