പ്രസിന്റെ വരുമാനം ജില്ല പഞ്ചായത്തിന് ലഭിക്കുന്നില്ലെന്ന് കണ്ടെത്തൽ
text_fieldsമലപ്പുറം: കൊണ്ടോട്ടിയിലെ പ്രിന്റിങ് പ്രസ്സിന്റെ ദൈനംദിന വരുമാനം ജില്ല പഞ്ചായത്തിന് ലഭിക്കുംവിധം പ്രവർത്തനം ക്രമീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശം. 1998ൽ രജിസ്റ്റർ ചെയ്ത പ്രസിന്റെ ബൈലോയ്ക്ക് ഇതുവരെയും സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ലെന്ന് 2024-‘25 വാർഷിക പദ്ധതികളുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വാർഷിക കണക്കുകൾ ഭരണസമിതി മുമ്പാകെ സമർപ്പിക്കുന്നില്ല. മെഷിനറി സ്ഥാപിക്കലിനും മറ്റുമായി ജില്ല പഞ്ചായത്ത് 40.07 ലക്ഷം രൂപ പ്രസിനായി ചെലവഴിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഘടക സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ജോലികൾ ഈ പ്രസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെട്ട ഗവേണിങ് ബോഡിയാണ് പ്രസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എന്നിട്ടും കഴിഞ്ഞ 25 വർഷമായി പ്രസിൽനിന്നും ലഭിക്കുന്ന വരുമാനം ജില്ല പഞ്ചായത്തിലേക്ക് അടക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഒരുമാസത്തിനകം സെക്രട്ടറി മറുപടി നൽകണം.
റിപ്പോർട്ടിലെ മറ്റു കണ്ടെത്തലുകൾ
- ജില്ല പഞ്ചായത്ത് ബിൽഡിങ്ങിൽ നിലവിൽ മലപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺട്രപ്രണേറിയൽ ഡെവലപ്മെന്റ് (എം.ഐ.ഇ.ഡി) പ്രവർത്തിക്കുന്നില്ലാത്തതിനാൽ സ്ഥാപനം കൈവശംവെച്ച സ്ഥലം തിരികെ ഏറ്റെടുക്കണം.
- ജില്ലയിലെ 15 േബ്ലാക്കുകളിൽ ഒന്നിലും തെരുവുനായ് വന്ധ്യംകരണ ശസ്ത്രക്രിയക്കുള്ള എ.ബി.സി സൗകര്യമില്ല. ഇത് പേവിഷബാധ നിർമാർജന പ്രവർത്തനങ്ങൾക്ക് വിഘാതമാണ്.
- കിൻഫ്ര പാർക്കിലെ നിയോ സ്പേസ് ബിൽഡിങ്ങിൽ ജില്ല പഞ്ചായത്തിന് അനുവദിച്ച 1320 സ്ക്വയർഫീറ്റ് ഓഫിസ് ഏരിയ കൈവശംവെച്ച സംരംഭകർ ആരാണെന്നും ഇവരിൽനിന്ന് ഈടാക്കുന്ന വാടക എത്രയാണെന്നും അറിയിക്കണം. ഒഴിവുള്ള ഭാഗം ഉടൻ ലേലം ചെയ്യണം.
- പരപ്പനങ്ങാടി കോക്കനട്ട് നഴ്സറി ഫാംറോഡ് പ്രവൃത്തി ഇൻഷൂർ ചെയ്യാത്തതിനാൽ കരാറുകാരനിൽനിന്നും പിഴ ഈടാക്കണം.
- ചട്ടിപറമ്പ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നടത്തിപ്പിനുവേണ്ടി ബൈലോ തയാറാക്കിയിട്ടില്ല. സാങ്കേതികതകരാർ കാരണം സ്ഥാപനത്തിലേക്ക് വാങ്ങിയ ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല.
- ഔഷധിക്ക് മുൻകൂറായി നൽകിയ തുകക്കുള്ള മരുന്നുകൾ ജില്ല ആയുർവേദ ആശുപത്രിക്കായി ലഭ്യമാക്കണം.
- ആർട്ട്കോ എന്ന സ്ഥാപനത്തിന് കൈമാറിയ മുഴുവൻ തുകക്കുമുള്ള ഫർണിച്ചർ വണ്ടൂർ സർക്കാർ ഹോമിയോപതിക് പാലിയേറ്റിവ് കാൻസർ കെയർ ആശുപത്രിക്ക് ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

