കോഡൂര്‍ കുടുംബാരോഗ്യകേന്ദ്രം; മെഡിക്കല്‍ ഓഫിസർക്കെതിരെ പരാതിയുമായി ജനപ്രതിനിധികൾ
text_fieldsമലപ്പുറം: കോഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കല്‍ ഓഫിസറുടെ അനാസ്ഥയെന്നാരോപിച്ച് ജനപ്രതിനിധികൾ ജില്ല മെഡിക്കൽ ഓഫിസർക്ക് നിവേദനം നൽകി.
ദിനേന നൂറുകണക്കിന് രോഗികളാണ് ഈ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവിടെ കുത്തിവെപ്പും നടത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് നിയോഗിച്ച താല്‍ക്കാലിക ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഒ.പി സമയം പൂര്‍ണമായി പാലിക്കാനോ ടോക്കണെടുത്ത രോഗികളെ പരിശോധിക്കാനോ മെഡിക്കല്‍ ഓഫിസര്‍ തയാറാവുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക ഉറപ്പുനല്‍കിയതായി ജനപ്രതിനിധികൾ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ആസ്യ കുന്നത്ത് എന്നിവർ സംബന്ധിച്ചു.
നടപടി വേണം -റാബിയ ചോലക്കല്‍
മലപ്പുറം: കോഡൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ നടപടി വേണമെന്ന് കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ആവശ്യപ്പെട്ടു. അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കാന് വഴിയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

